പിണറായി പങ്കെടുത്ത യോഗത്തില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ ആക്രമം
തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (20:17 IST)
സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കോട്ടയത്തു പങ്കെടുത്ത പരിപാടിയിലേയ്ക്ക് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ തള്ളിക്കയറുകയും കൂകി വിളിക്കുകയും കമ്പുകളും കല്ലുകളും മറ്റും വലിച്ചെറിയുകയും ചെയ്തു. ഇതു തടയാന്‍ സിപിഎം പ്രവര്‍ത്തകരും സംഘടിച്ചതോടെ യോഗം ഭാഗികമായി അലങ്കോലപ്പെട്ടു.
കോട്ടയം തിരുനക്കരയില്‍ ടികെ രാമകൃഷ്ണന്‍ സ്മാരക പഠന കേന്ദ്രത്തിന്റെ സമ്മേളനത്തില്‍ പിണറായി സംസാരിക്കുമ്പോഴാണ് സംഭവം. ഈ സമയം സംഘടിച്ചെത്തിയ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പരിപാടിയിലേയ്ക്ക് തള്ളിക്കയറുകയും കൂകി വിളിക്കുകയും കമ്പുകളും കല്ലുകളും മറ്റും വലിച്ചെറിയുകയുമായിരുന്നു. യോഗത്തില്‍ ബഹളം ഉയര്‍ന്നതോടെ സിപിഎം പ്രവര്‍ത്തകര്‍ എത്തുകയും എസ്എന്‍ഡിപി പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതോടെ ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നു. പോലീസ് വളരെ പണിപ്പെട്ടാണു രംഗം ശാന്തമാക്കിയത്.
പിരിഞ്ഞു പോയ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ നഗരത്തില്‍ സ്ഥാപിച്ചിരുന്ന പിണറായി വിജയന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും ആക്രമം അഴിച്ചു വിടുകയും ചെയ്‌തു. കണ്ണൂരില്‍ കഴിഞ്ഞ ദിവസം നടന്ന സിപിഎമ്മിന്റെ ഓണാഘോഷ സമാപന പരിപാടിക്കിടെ ശ്രീനാരായണ ഗുരുവിനെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ സിപിഎം യോഗ സ്ഥലത്തേയ്ക്ക് തള്ളിക്കയറിയത്.