പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി എം.വി.ജയരാജന്‍ തിരിച്ചെത്തിയേക്കും; രാഗേഷ് രണ്ടാം സാധ്യത

ബുധന്‍, 19 മെയ് 2021 (17:10 IST)
രണ്ടാം പിണറായി സര്‍ക്കാരില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ എം.വി.ജയരാജന്‍ എത്തിയേക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി ജയരാജനെ തിരിച്ചുകൊണ്ടുവരാനാണ് സാധ്യത. നേരത്തെയും പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു ജയരാജന്‍. എന്നാല്‍, പിന്നീട് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലേക്ക് മാറുകയായിരുന്നു. 
 
ജയരാജന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയതിനു ശേഷമാണ് സ്വര്‍ണക്കടത്ത് കേസ് അടക്കമുള്ള ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിരോധത്തിലാകുന്നത്. ജയരാജനെ മാറ്റിയതാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പലരും കയറിയിറങ്ങാന്‍ കാരണമായതെന്ന് സിപിഎമ്മില്‍ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറിയായിരിക്കെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണം ജയരാജിന്റെ കൈയിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിരോധത്തിലാകാതിരിക്കാന്‍ ജയരാജനെ പോലൊരു മുതിര്‍ന്ന നേതാവിനെ തന്നെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കാനാണ് സിപിഎം ആലോചിക്കുന്നത്. 
 
ജയരാജന്‍ കണ്ണൂര്‍ സെക്രട്ടറി സ്ഥാനത്ത് തുടരുകയാണെങ്കില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്ന രണ്ടാമത്തെ പേര് കെ.കെ.രാഗേഷിന്റെയാണ്. രാഗേഷിന് രാജ്യസഭയില്‍ രണ്ടാമതൊരു അവസരം നല്‍കാതെ തിരികെ വിളിച്ചത് ഇത് മുന്‍കൂട്ടിക്കണ്ടാണെന്നാണ് വിവരം. പിണറായി വിജയന് കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ഏറ്റവും വാത്സല്യമുള്ള യുവനേതാവാണ് കെ കെ രാഗേഷ്. മുഖ്യമന്ത്രിയുടെ രീതികളും ചിട്ടകളും കൃത്യമായി അറിയാമെന്നുള്ളതും എം പി എന്ന നിലയില്‍ മികച്ച ഭരണകര്‍ത്താവെന്ന പേരെടുത്തതും രാഗേഷിന് ഗുണമാണ്.
 
മാത്രമല്ല, ഇംഗ്ലീഷും ഹിന്ദിയും ഉള്‍പ്പടെ പല ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവും കാര്യങ്ങള്‍ അതിവേഗം പഠിച്ചെടുത്ത് ഫലപ്രദമായി പ്രയോഗത്തില്‍ വരുത്താനുള്ള പ്രാവീണ്യവും രാഗേഷിനെ പിണറായിക്ക് പ്രിയങ്കരനാക്കുന്നു.
 
രാജ്യസഭാ എം പി എന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് രാഗേഷ് ഡല്‍ഹിയില്‍ കാഴ്ചവച്ചത്. കര്‍ഷകസമരം ഉള്‍പ്പടെ അനേകം പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. രാഗേഷിന് രാജ്യസഭയില്‍ വീണ്ടും ഒരവസരം നല്‍കണമെന്ന് സി പി എം കേന്ദ്രനേതൃത്വം പോലും ആവശ്യപ്പെട്ടിട്ടും അത് നടപ്പായില്ല. അതിന് പിന്നില്‍ പിണറായിക്ക് ഇങ്ങനെയൊരു ലക്ഷ്യമുണ്ടായിരുന്നു എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്.
 
സി പി എം സംസ്ഥാന സമിതിയംഗവും കര്‍ഷകസംഘം ദേശീയനേതാവുമാണ് നിലവില്‍ കെ കെ രാഗേഷ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍