ഇരട്ട ചങ്കുണ്ടെന്ന് പറഞ്ഞയാൾക്ക് നട്ടെല്ലില്ല; മുഖ്യമന്ത്രിയെ പരിഹസിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട പൊലീസുകാരന് സസ്പെൻഷൻ

വ്യാഴം, 4 ഓഗസ്റ്റ് 2016 (15:27 IST)
മുഖ്യമന്ത്രിയെ പരിഹസിച്ചും മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച കോഴിക്കോട് എസ്‌ ഐ പിഎം വിമോദിനെ ന്യായീകരിച്ചും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പൊലീസുകാരന് സസ്പെൻഷൻ. ആലപ്പുഴ എ ആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസറായ രാജഗോപാലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.  
 
ഇരട്ട ചങ്കുണ്ടെന്ന് അവകാശപ്പെടുന്നയാള്‍ക്ക് നട്ടെല്ലുണ്ടായിരുന്നുവെങ്കില്‍ പൊലീസുകാര്‍ക്ക് ഈ ഗതികേടുണ്ടാകില്ലെന്ന് പരിഹാസം ഉണര്‍ത്തുന്ന രീതിയിലായിരുന്നു രാജഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സര്‍ക്കാരിനു വേണ്ടി ജോലി ചെയ്ത എസ് ഐയെ സസ്‌പെന്‍ഡ് ചെയ്ത മുഖ്യമന്ത്രിക്ക് നട്ടെല്ലില്ലെന്നായിരുന്നു ഇയാള്‍ പോസ്റ്റില്‍ ആരോപിച്ചിരുന്നത്. 
 
ഇതെന്ത് ഭരണമാണ്, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സ്വന്തം കര്‍ത്തവ്യം സത്യസന്ധ്യമായി ചെയ്തതിന് സസ്‌പെന്‍ഷന്‍ പോരാത്തതിനും ക്രൂശിക്കലും മുഖ്യമന്ത്രി പറയുന്നു പോലീസ് അതിക്രമമാണെത്രെ. അപ്പോള്‍ ആ അക്രമം നടത്താന്‍ പറഞ്ഞത് കോടതിയല്ലേ. ഇവിടെ എസ്‌ഐ ആര്‍ക്കു വേണ്ടിയാണ് ജോലി ചെയ്തത്. അദ്ദേഹത്തെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമാണെന്നും രാജഗോപാല്‍ അരുണിമ പറയുന്നു. നാളെ നമുക്കും ഈ അനുഭവം ഉണ്ടാകുമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക