പിണറായി മന്ത്രിസഭയിൽ പുതിയ മന്ത്രി; എം എം മണി സത്യപ്രതിജ്ഞ ചെയ്തു

ചൊവ്വ, 22 നവം‌ബര്‍ 2016 (16:39 IST)
പിണറായി മന്ത്രിസഭയിൽ പുതിയ മന്ത്രിയായി ഇടുക്കി ഉടുമ്പൻചോല എം എൽ എ എംഎം മണി സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് 4.30ന് രാജ്ഭവനിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മണി സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി സദാശിവം മുന്‍പാകെയാണ് മണി സത്യപ്രതിജ്ഞ ചെയ്ത്.
 
മണിയുടെ കുടുംബവും സത്യപ്രതിജ്ഞയിൽ പെങ്കെടുത്തിരുന്നു. മുതിർന്ന സിപിഎം നേതാക്കളും മുഖ്യമന്ത്രി പിണറായി ഉൾപ്പെടെയുള്ള മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. മണിയെ മന്ത്രിയാക്കാന്‍ ഞായറാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രിയായാണ് ചുമതലയേല്‍ക്കുക. വിവാദ ബന്ധുനിയമനത്തിൽ ഇ.പി.ജയരാജൻ രാജിവച്ച ഒഴിവിലാണു മണി മന്ത്രിയാകുന്നത്.
 
അഞ്ചുമാസം പിന്നിടുന്ന പിണറായി മന്ത്രിസഭയിലെ ആദ്യ അഴിച്ചുപണിയാണിത്. 1966ൽ 22ആം വയസ്സിലാണ് മണി പാർട്ടി അംഗമാകുന്നത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിൽനിന്ന് 1109 വോട്ടുകൾക്കാണു എം എം മണി വിജയിച്ചത്.

വെബ്ദുനിയ വായിക്കുക