യൂത്ത് കോണ്‍‌ഗ്രസുകാരെ കൊലപ്പെടുത്തിയവരെ ഉടന്‍ പിടികൂടാന്‍ നിര്‍ദ്ദേശം നല്‍കി: പിണറായി

തിങ്കള്‍, 18 ഫെബ്രുവരി 2019 (21:48 IST)
പെരിയയിൽ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്ന് പ്രതികരിച്ച മുഖ്യമന്ത്രി, കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. 
 
കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധമില്ലെന്നാണ് സൂചന. പ്രതികളെ സഹായിക്കുകയാണ് ഇവര്‍ ചെയ്തതെന്നും അറിയുന്നു. രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചന.
 
പ്രതികളെ പിടിക്കാൻ കർണാടക പൊലീസിന്റെ സഹായം തേടിയതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. അതിർത്തി ജില്ല ആയതിനാൽ പ്രതികൾ കർണാടകയിലേക്കു കടക്കാൻ സാധ്യതയുണ്ടെന്നും അതിനാലാണ് കർണാടക പൊലീസിന്റെ സഹായം തേടിയതെന്നും ബെഹ്‌റ പറഞ്ഞു. 
 
എഡിജിപി അനിൽ കാന്തിന്റെ നേതൃത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികൾ സിപിഎം പ്രവർത്തകരാണോ എന്ന് ഇപ്പോൾ പറയാന്‍ സാധിക്കില്ലെന്നും ഡി ജി പി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍