മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി; ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച് വിജയ് സേതുപതി
ഞായര്‍, 3 ഫെബ്രുവരി 2019 (10:38 IST)
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ കേരള സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ശരിവെച്ച് തമിഴ് നടന്‍ വിജയ് സേതുപതി. ശബരിമല വിഷയം മുഖ്യമന്ത്രി കൈകാര്യം ചെയ്‌ത രീതി ആകര്‍ഷിച്ചു. യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു.
താന്‍ പിണറായി വിജയന്റെ കടുത്ത ആരാധകനാണ്. ഏതു പ്രശ്‌നത്തെയും പക്വതയോടെ കൈകാര്യം അദ്ദേഹം വളരെ കൂളാണ്. തമിഴ്നാട്ടില്‍ ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ മുഖ്യമന്ത്രി 10 കോടിയാണ് തമിഴ്‌നാടിന് നല്‍കിയത്. ആ നന്ദി എപ്പോഴും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ചാനല്‍ പരിപാടിയില്‍ പിണറായി വിജയനൊപ്പം എത്താന്‍ സാധിച്ചു. ഒരു സ്‌കൂള്‍ ഹെഡ്‌മാസ്‌റ്ററെ കണ്ട അനുഭവമായിരുന്നു അന്ന്. മുഖ്യമന്ത്രി എത്തിയപ്പോള്‍ ശബ്‌ദവും ബഹളവുമെല്ലാം നിലച്ചു. എല്ലാവരും അനുസരണയുള്ളവരായി തീര്‍ന്നുവെന്നും മക്കള്‍ സെല്‍വന്‍ ഓര്‍ത്തെടുത്തു.
പുരുഷന്മാരുടെ ജീവിതം എളുപ്പമാണ്. എന്നാല്‍ സ്‌ത്രീകള്‍ക്ക് എല്ലാമാസവും ഒരു വേദന സഹിക്കേണ്ടതുണ്ടെന്ന് നമുക്കറിയാം. പരിശുദ്ധമായ കാര്യമാണത്. ഈ സവിശേഷത ഇല്ലായിരുന്നുവെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്‌ത്രീയാണ് ദൈവമെന്നും വിജയ് സേതുപതി പറഞ്ഞു.
ഡബ്ല്യുസിസിപോലുള്ള സംഘടനകള്‍ തമിഴകത്തും രൂപം കൊള്ളണം. സിനിമയിലെ ലൈംഗിക ചൂഷണങ്ങള്‍ തുറന്നു പറയാന്‍ കഴിയണം. ആണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.