ബന്ധുനിയമ വിവാദത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്ന ഇ പി ജയരാജനെ എതിർത്തും അനുകൂലിച്ചും നിരവധി പേർ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ മന്ത്രിയുടെ രാജി മുൻ സർക്കാരിനുള്ള ശക്തമായ മറുപടിയാണെന്ന് വ്യക്തമാക്കി നടൻ ജോയ് മാത്യു രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജോയ് മാത്യു ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ജനങ്ങളാണു യഥാർത്ത ശക്തി എന്ന് ഒരു പാർട്ടി എപ്പോൾ തിരിച്ചറിയുന്നുവോ അന്നു മുതൽ ആ പാർട്ടിയുടെ ഭാവി ജനഹ്രദയങ്ങളിൽ സുസ്‌ഥിരമാവുകയാണു. അടിമുടി അഴിമതിയിൽ മുങ്ങിക്കുളിച്ചിട്ടും ഞൊണ്ടി ന്യായം പറഞ്ഞ് അധികാരത്തിൽ കടിച്ചു തൂങ്ങിയ മുൻ ഗവർമ്മെന്റിനുള്ള ശക്തമായ മറൂപടി മാത്രമല്ല ഇ പി ജയരാജൻ എന്ന മന്ത്രിയുടെ രാജി. മറിച്ച് ഭരണത്തിലെ സുതാര്യതയുടെ വിളംബരം കൂടിയാണത്.
അഞ്ചു വർഷം ഭരിക്കുവാൻ ജനങ്ങൾ നിങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ ചെയ്യുന്ന തെറ്റ് ചൂണ്ടിക്കാട്ടുവാനും ജങ്ങൾക്ക് അവകാശമുണ്ട്. തെറ്റു തിരുത്താൻ നിങ്ങൾക്കും.ഒരു മന്ത്രിയുടെ രാജി ഖജനാവ് കൊള്ളയടിച്ചതിനല്ല മുൻ സർക്കാരുകൾ തുടർന്നുവന്നിരുന്ന രീതിയിൽ ,അതിലെ ചതിക്കുഴി കാണാതെ വീണുപോയി എന്നതും ജനങ്ങൾ തിരിച്ച്അറിയുന്നുണ്ട്.