നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ആരു നയിക്കുമെന്നതിന് ഇപ്പോൾ പ്രസക്തിയില്ല
ബുധന്‍, 25 നവംബര്‍ 2015 (20:31 IST)
നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ ആരു നയിക്കുമെന്നതിന് ഇപ്പോൾ പ്രസക്തിയില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഇക്കാര്യത്തിൽ ചർച്ചകളൊന്നും നടക്കുന്നില്ല. അഭിപ്രായം പറഞ്ഞവരോട് അക്കാര്യം ചോദിച്ചാൽ മതി. പാർട്ടിയിൽ ആലോചിച്ചാൽ മാത്രമെ ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടതായിട്ടുള്ളൂവെന്നും പിണറായി പറഞ്ഞു.
വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയെ വി.എസ്. അച്യുതാനന്ദൻ നയിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ കോടിയേരി ബാലകൃഷ്ണനടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തു. കൂടാതെ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ തോമസ് ഐസക്കാണെന്ന് ഇടതുപക്ഷ ചിന്തകനായ എംപി. പരമേശ്വരന്‍ പറഞ്ഞിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് താന്‍ കത്തെഴുതുകയും ചെയ്തിരുന്നു. ഐസക്കിനെ മുഖ്യമന്ത്രിയായി പ്രൊജക്റ്റ് ചെയ്താല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നാണ് കത്തില്‍ വിശദീകരിച്ചിരുന്നത്. ഇവയോടൊക്കെയുള്ള പ്രതികരണമാണ് പിണറായി പറഞ്ഞത്.
ജനതാദൾ (യു)വിന് എൽഡിഎഫിലേക്ക് വരാം. യുഡിഎഫ് വിട്ടുവരാൻ തയാറാണെങ്കിൽ അക്കാര്യം പരിഗണിക്കും. യുഡിഎഫിന്റെ ഭാഗമായിരിക്കുന്ന പാർട്ടിയുമായി തങ്ങൾ ചർച്ച നടത്തില്ല. യുഡിഎഫ് വിടുന്നതിനെപ്പറ്റി അവർ ആലോചിക്കേണ്ട കാര്യമാണ്. ജെഡിയുവിന് പിന്നാലെ വെറി പിടിച്ചോണ്ടേണ്ട കാര്യമില്ലെന്നും പിണറായി പറഞ്ഞു.