പിണറായി ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്: കെ ബാബു
സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ ബാബു. പിണറായി വിജയനോളം അഴിമതിയുടെ ദുര്‍ഗന്ധം വമിക്കുന്ന മറ്റൊരു നേതാവും ഇന്ന് കേരളത്തില്‍ ജീവിച്ചിരിപ്പില്ല. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആ മന്ത്രി സഭയില്‍ മാണിമാരും ബാബുമാരും ഉണ്ടാകില്ലെന്ന പിണറായി വിജയന്റെ മേനിനടിക്കല്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റെ കള്ളന് , കള്ളന് വിളിയെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിക്കുന്നു.
കട്ടമുതലുമായി ഓടി രക്ഷപെടുമ്പോഴുള്ള പെരുംകള്ളന്മാരുടെ തന്ത്രം ജനങ്ങള്‍ തിരിച്ചറിയും. തട്ടിപ്പുകാരി സരിത എസ് നായരെ മാതൃകാ വ്യവസായ സംരംഭകയാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. സരിതയിലൂടെ, ബിജു രമേശിലൂടെ മുഖ്യമന്ത്രി കസേരയില്‍ എത്താനാണ്പിണറായി വിജയന് സ്വപ്നം കാണുകയാണ്. രണ്ടു വര്‍ഷം മാത്രം വൈദ്യുത മന്ത്രി ആയിരുന്നപ്പോള്‍ അണക്കെട്ടുകള്‍ തുരന്ന് അതില്‍ നിന്ന് എന്തെങ്കിലും തരപ്പെടുത്താനാവുമോയെന്ന് നോക്കിയ പുണ്യാളനാണ് പിണറായിയെന്നും പോസ്റ്റില്‍ പറയുന്നു.