മഹിജയെ നിലത്തിട്ടു വലിച്ചിട്ടില്ല, കൈനീട്ടി എഴുന്നേൽപ്പിക്കുകയാണ് ചെയ്തത്; ജിഷ്ണു കേസില്‍ സര്‍ക്കാരിനെ ന്യായീകരിച്ച് പത്രപരസ്യം

ശനി, 8 ഏപ്രില്‍ 2017 (08:16 IST)
ജിഷ്ണു പ്രണോയ് മരിച്ച സംഭവത്തിൽ നിലപാടുകൾ വ്യക്തമാക്കി സർക്കാർ ദിനപത്രങ്ങളിൽ പരസ്യം നൽകി. ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു എന്നത് വെറും പ്രചരണം മാത്രമാണ് എന്ന് വിശദീകരിച്ചാണ് പരസ്യം. ജിഷ്ണു കേസ് പ്രാരണമെന്ത്, സത്യമെന്ത് എന്ന തലക്കെട്ടിലാണ് സംസ്ഥാന പിആര്‍ഡി വകുപ്പ് പരസ്യം നല്‍കിയിരിക്കുന്നത്.
 
സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ കൃത്യമായി നടപടികള്‍ എടുത്തു നീങ്ങുകയാണ് എന്നതാണ് സത്യമെന്നും എന്നാല്‍ സത്യങ്ങളാകെ തമസ്‌കരിക്കുന്ന പ്രചാരണങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത് എന്ന് പരസ്യത്തില്‍ പറയുന്നു. നെഹ്‌റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും പരസ്യത്തിലുണ്ട്.
 
ജിഷ്ണുവിന്റെ അമ്മയെ പൊലീസ് നിലത്തിട്ട് വലിച്ചിഴച്ചു എന്ന തെറ്റിദ്ധാരണാജനകമായ പ്രചരണമാണ് ഒരു സംഘം അഴിച്ചു വിടുന്നത്. എന്നാല്‍ ഇങ്ങനൊന്നും നടന്നിട്ടില്ല. നിലത്തിരിക്കുന്ന അമ്മയെ പൊലീസുകാര്‍ കൈനീട്ടി എഴുന്നേല്‍പ്പിക്കുന്ന ദൃശ്യങ്ങളാണ് മിക്ക ചാനലുകളും കാണിക്കുന്നതെന്നും പരസ്യത്തിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക