പുലര്‍ച്ചെ മൂന്ന് മണിയോടെ വീടിനുള്ളില്‍ നിന്ന് ശബ്ദം, കുത്തിയത് കള്ളനാണെന്ന് കരുതി; പേട്ട കൊലപാതകക്കേസില്‍ പ്രതി

ബുധന്‍, 29 ഡിസം‌ബര്‍ 2021 (08:35 IST)
മകളെ കാണാന്‍ എത്തിയ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്ന കേസില്‍ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. വീട്ടില്‍ കള്ളന്‍ കയറിയെന്ന് വിചാരിച്ചാണ് മകളുടെ സുഹൃത്തിനെ കുത്തിയതെന്ന് പ്രതി ലാലു പറഞ്ഞു. കള്ളനാണെന്ന് കരുതിയാണ് കുത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ വീടിനുള്ളില്‍ നിന്ന് ശബ്ദം കേട്ടാണ് ഉണര്‍ന്നത്. കള്ളനാകുമെന്ന് കരുതി അയാളെ ആക്രമിക്കുകയായിരുന്നെന്നും ലാലു പൊലീസിനോട് പറഞ്ഞു. ഈ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ലാലുവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 
 
19കാരനായ പേട്ട സ്വദേശി അനീഷ് ജോര്‍ജ് ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ അച്ഛന്‍ ലാലു കൊലപാതകത്തിനു ശേഷം പൊലീസില്‍ കീഴടങ്ങി. അനീഷിനെ ശ്രദ്ധയില്‍ പെട്ടതോടെ കള്ളനെന്ന് കരുതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ശേഷം പൊലീസ് സ്റ്റേഷനിലെത്തി വീട്ടില്‍ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും പറയുകയായിരുന്നു. പൊലീസെത്തി അനീഷിനെ മെഡിക്കല്‍ കോളേജിലേക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേട്ടയിലെ ചായക്കുടി ലൈനില്‍ ഈഡന്‍ എന്ന വീട്ടില്‍ ലാലുവും ഭാര്യയും രണ്ട് മക്കളുമായിരുന്നു താമസിച്ചിരുന്നത്. വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സംഭവമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍