പതിനാലാം നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്. ഭരണപക്ഷത്തുനിന്നുള്ള പി. ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ ആകുമെന്നുറപ്പാണെങ്കിലും കുന്നത്തുനാട് എംഎല്‍എ വിപി സജീന്ദ്രനെ മത്സരിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. രാവിലെ ഒമ്പതിന് സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ആരംഭിക്കും. 91 അംഗങ്ങളുള്ള ഭരണപക്ഷത്തു നിന്ന് പി ശ്രീരാമകൃഷ്ണൻ തന്നെ സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെടും.
രഹസ്യബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. സ്പീക്കര്‍ സ്ഥാനാര്‍ഥികള്‍ക്കും വോട്ട് ചെയ്യാം. രണ്ടു ബൂത്തുകളിലായിട്ട് അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാം. ഫലപ്രഖ്യാപനത്തിനു ശേഷം പുതിയ സ്പീക്കര്‍ ചുമതലയേല്‍ക്കും. ബിജെപിയുടെ ഒ രാജഗോപാല്‍ സ്‌പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സ്വതന്ത്രനായ പിസി ജോർജിന്റെ വോട്ട് എങ്ങോട്ട് പോകുന്നു എന്നതാണ് ഏവരിലും കൗതുകമുയർത്തുന്നത്.
ഇരുവരുടെയും വോട്ട് യുഡിഎഫ് തേടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭരണപക്ഷത്ത് 91 എംഎല്‍എമാര്‍ ഉള്ള സാഹചര്യത്തില്‍ ഇവരുടെ നിലപാട് നിര്‍ണായകമല്ല.