കെഎം മാണിക്ക് രണ്ടു ഭാര്യമാരുണ്ട്, ഇരുവരെയും അദ്ദേഹം സ്‌നേഹിക്കുന്നുണ്ട്: പിസി ജോര്‍ജ്
ബുധന്‍, 15 മാര്‍ച്ച് 2017 (11:39 IST)
നിയമസഭയില്‍ അരനൂറ്റാണ്ട് തികയ്‌ക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിക്ക് സഭ ആദരം നല്‍കിയപ്പോള്‍ വേറിട്ടു നിന്നത് പിസി ജോര്‍ജ് എല്‍എല്‍എയുടെ പ്രസംഗം. തനിക്ക് രണ്ടു ഭാര്യാമാര്‍ ഉണ്ടെന്ന് മാണി പലപ്പോഴും പറയും. ഇവരോട് തുല്ല്യസ്‌നേഹമാണ് എന്നു തോന്നിയിട്ടുള്ളത്. ആശയപരമായി മാത്രമാണ് അദ്ദേഹവുമായി തനിക്ക് പ്രശ്‌നങ്ങള്‍ ഉള്ളതെന്നും ജോര്‍ജ് വ്യക്തമാക്കി.
ഒരു ഭാര്യ കുട്ടിയമ്മചേട്ടത്തിയാണെന്നും മറ്റൊരു ഭാര്യ തന്നെ എപ്പോഴും ജയിപ്പിച്ചു കൊണ്ടിരിക്കുന്ന പാലായാണെന്നുമാണ് മാണി പലപ്പോഴും പറഞ്ഞിരുന്നത്. ആരോടാണ് കൂടുതല്‍ ഇഷ്‌ടമെന്ന് ചോദിച്ചാല്‍ ഇരുവരോടും തുല്ല്യമായ സ്‌നേഹമാണുള്ളതെന്ന് എന്നും പറയാറുണ്ടെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
മാണിയുടെ ഏറ്റവും അടുത്ത അയല്‍ക്കാരന്‍ ഉമ്മന്‍ചാണ്ടിയാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ദൂരം കൊണ്ടു താനാണ് ഏറ്റവും അടുത്ത അയല്‍ക്കാരന്‍. അകലെയുള്ള അയല്‍ക്കാരനെക്കാളും നല്ലത് അടുത്തുള്ള ശത്രുവാണ്. അയല്‍ക്കാരന്‍ എന്ന നിലയിലുള്ള സ്‌നേഹം അദ്ദേഹവുമായി ഉണ്ടെന്നും ജോര്‍ജ് പറഞ്ഞു.
എല്ലാവരോടും വളരെ സ്‌നേഹമുള്ള തനിക്ക് ജോര്‍ജ്ജിനെയും അനുജനെപ്പോലെ കാണാനാണ് ഇഷ്ടമെന്നും മാണി പറഞ്ഞു.