ആഞ്ഞടിച്ച് ജോര്‍ജ്; ‘കള്ളന്‍മാരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ വയ്യ, മടുത്തു’

വെള്ളി, 12 ജൂണ്‍ 2015 (12:18 IST)
പിസി ജോര്‍ജിനെ പുറത്താക്കുമെന്ന് ആന്റണി രാജു വ്യക്തമാക്കിയതിന് പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മിനെതിരെ ജോര്‍ജ് രംഗത്ത്. കെഎം മാണിയുമായി യാതൊരു വിധത്തിലുള്ള ഒത്തു തീര്‍പ്പിനും തയ്യാല്ല. കള്ളന്മാരുടെ കൂടെ നില്‍ക്കാന്‍ തനിക്ക്‌ താല്‍പര്യമില്ലെന്ന്‌ നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. അന്ന്‌ ആന്റണി രാജുവും മറ്റ്‌ എംഎല്‍എമാരും നിര്‍ബന്ധിച്ചതുകൊണ്ടുമാത്രമാണ്‌ തുടര്‍ന്നതെന്നും ജോര്‍ജ്‌ പറഞ്ഞു.
 
കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് തന്നെ എത്രയും വേഗം പുറത്താക്കണം. ഈ കാര്യം വ്യക്തമാക്കിക്കൊണ്ട് അറിയിപ്പ് പ്രതീക്ഷിക്കുന്നു. മാണിയുമായി ഈ വിഷയത്തില്‍ ഇനിയൊരു ചര്‍ച്ചയ്‌ക്ക് ഇല്ലെന്നും ജോര്‍ജ് വ്യക്തമാക്കി.
 
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയില്‍ അഴിമതി വിരുദ്ധമുന്നണിയുടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ ജോര്‍ജിനെ പുറത്താക്കുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ആന്റ്ണി രാജുവാണ് വ്യക്തമാക്കിയത്. ഞായറാഴ്‌ച ചേരുന്ന യോഗത്തില്‍ ഈ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
ജോര്‍ജിനെ പുറത്താക്കുന്ന കാര്യത്തില്‍ സ്‌റ്റിയറിംഗ് കമ്മിറ്റിയില്‍ ധാരണയാകും. അരുവിക്കരയില്‍ അഴിമതി വിരുദ്ധമുന്നണി എന്ന പേരില്‍ പാര്‍ട്ടി രൂപികരിച്ച് സ്ഥാനാര്‍ഥിയെ നിര്‍ത്തിയ ജോര്‍ജിന്റെ രീതി അച്ചടക്കമുള്ള ഒരു പ്രവര്‍ത്തകന് ചേരുന്നതല്ല. കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് ഉയരുന്ന പൊതുവികാരമാണ് ജോര്‍ജിനെ പുറത്താക്കുക എന്നതെന്നും ആന്റ്ണി രാജു വ്യക്തമാക്കി. 
 
പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം സസ്‌പെന്‍ഷനില്‍ കഴിയുകയായിരുന്നു ഇതുവരെ ജോര്‍ജ്. സസ്‌പെന്‍ഷന്‍ കാലത്തും പി.സി അച്ചടക്കലംഘനം തുടരുകയാണെന്ന് ആന്റണി രാജു പ്രതികരിച്ചു. ഇപ്പോള്‍ പക്ഷേ പുറത്താക്കാതിരിക്കാന്‍ കഴിയാത്ത സ്ഥിതി വന്നിരിക്കുകയാണ്. ഇനി ഇക്കാര്യത്തില്‍ മെല്ലപ്പോക്ക് സമീപനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക