ഭക്ഷണത്തിലും വർഗീയത വന്നു, ഭയം വന്നു : ഇനി കലോത്സവ പാചകത്തിനെത്തില്ലെന്ന് പഴയിടം

Webdunia
ഞായര്‍, 8 ജനുവരി 2023 (12:08 IST)
സംസ്ഥാന സ്കൂൾ കലോത്സവവേദികളിൽ പാചകത്തിന് ഇനിയെത്തില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. ഭക്ഷണത്തിൻ്റെ പേരിൽ ഉയർന്ന പുതിയ വിവാദങ്ങൾക്ക് പിന്നാലെ അടുക്കള നിയന്ത്രിക്കുന്നതിൽ ഭയം വന്നുവെന്നും മുന്നോട്ട് പോകുക ബുദ്ധിമുട്ടാണെന്നും പഴയിടം പറയുന്നു.
 
കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയുടെയും വർഗീയതയുടെയും വിഷവിത്തുകൾ വാരിയെറിയുന്ന കാലമാണിതെന്നും ഇത് തന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നുവെന്നും തന്നെ മലീമസപ്പെടുത്തുന്ന രീതിയിൽ അനാവശ്യമായ വിവാദങ്ങൾ നടന്നുവെന്നും അദ്ദേഹം പറഞ്ഞു. നിധി പോലെ നെഞ്ചേറ്റിയാണ് കലോത്സവ നഗരിയിലെ അടുക്കളകൾ സൂക്ഷിക്കുന്നത്. ആ നിധി ഇനിയും സൂക്ഷിക്കുന്നത് ശരിയല്ലെന്ന് ബോധ്യമായി തുടങ്ങി.
 
നമ്മുടെ സാത്വിക മനസ്സിന് ഉൾക്കൊള്ളുന്ന കാര്യമല്ല ഇപ്പോൾ നടക്കുന്നത്. ഭക്ഷണശീലങ്ങൾ മാറിമാറി വരുന്ന അടക്കളയിൽ പഴയിടത്തിൻ്റെ സാന്നിധ്യത്തിന് അത്രമാത്രം പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. അതിനാൽ കലോത്സവ ഊട്ടുപുരയിൽ നിന്ന് മാറിനിൽക്കുന്നതെന്നും പഴയിടം വ്യക്തമാക്കി. 
 
ഇതുവരെ രണ്ടര കോടിയിലധികം കുട്ടികൾക്ക് ഭക്ഷണം നൽകിയിട്ടുണ്ട്. ആ സന്തോഷം മതി ഇനിയുള്ള കാലം ജീവിക്കാനെന്നും പഴയിടം പറഞ്ഞു.സ്‌കൂള്‍ കലോത്സവത്തില്‍ മാംസാഹാരം വിളമ്പാത്തത് വലിയ വിവാദമായ സാഹചര്യത്തിലാണ് പഴയിടത്തിന്റെ പ്രതികരണം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article