പയ്യന്നൂരില്‍ വൃദ്ധമാതാവിനെ മർദ്ദിച്ച സംഭവത്തിൽ മകൾക്കെതിരെയും മകളുടെ ഭർത്താവിനെതിരേയും പൊലീസ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് മകൾ ചന്ദ്രമതിക്കും ഭർത്താവിനുമെതിരെ കേസെടുത്തത്.
ആയുധം കൊണ്ട് മർദ്ദിച്ചു, പ്രായമായ സ്ത്രീയെ മർദ്ദിച്ചു, സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചു എന്നീ മൂന്ന് വകുപ്പുകൾ പ്രകാരമാണ് പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. 75 വയസ്സുകാരിയായ അമ്മ കാർത്ത്യായിനിയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിൽ പൊലീസടക്കമുള്ള സൗകര്യങ്ങൾ ഇവരുടെ സഹായത്തിനായുണ്ട്.
മാവിഞ്ചേരി സ്വദേശിയായ ചന്ദ്രമതി, അമ്മ കാര്‍ത്ത്യായനിയെ സ്ഥിരമായി മര്‍ദിക്കുന്നെന്നു കാണിച്ചു സഹോദരന്‍ കുന്നുമ്മല്‍ വീട്ടില്‍ വേണുഗോപാലാണു പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. കൈ കൊണ്ടും ചൂലുകൊണ്ടും അമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സഹിതമാണു മകന്‍ പരാതി നല്‍കിയത്. അമ്മയെ സഹോദരി വീട്ടിലിട്ടു മര്‍ദിക്കുന്നതു പതിവാണെന്നു പരാതിയില്‍ പറയുന്നു. ഈ മാസം 24നു താന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളും തെളിവായി ഹാജരാക്കിയിട്ടുണ്ട്.