പ്രളയത്തിനിടെ ജര്‍മ്മനിയില്‍; രാജുവിന്റെ നടപടി തെറ്റെന്ന് വിലയിരുത്തല്‍ - മന്ത്രിക്ക് പരസ്യശാസന

ചൊവ്വ, 28 ഓഗസ്റ്റ് 2018 (18:02 IST)
കേരളത്തില്‍ പ്രളയക്കെടുതിയുണ്ടായപ്പോള്‍ ജര്‍മ്മന്‍ യാത്ര നടത്തിയ വനം മന്ത്രി കെ രാജുവിനെതിരായ നടപടി സിപിഐ പരസ്യ ശാസനയിലൊതുക്കി.

ഒരു ദുരന്തമുണ്ടായപ്പോള്‍ മന്ത്രി സംസ്ഥാനത്ത് ഇല്ലാതിരുന്നത് അനുചിതമായി. രാജുവിന്റെ നടപടി തെറ്റായിരുന്നു. രാജു വിദേശത്തേക്കു പോയ വിവരം അറിഞ്ഞയുടന്‍ അദ്ദേഹത്തോടു തിരികെ വരാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നുവെന്നും ഇന്നു ചേര്‍ന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

ഔദ്യോഗിക പരിപാടിക്കല്ലാതെ സിപിഐയുടെ ഒരു മന്ത്രിയും വിദേശത്തേക്കു പോകേണ്ടതില്ല. മതിയായ അനുമതി വാങ്ങിയ ശേഷമായിരുന്നു മന്ത്രി വിദേശത്ത് പോയത്, എന്നാല്‍ സാഹചര്യം മനസിലാക്കി അദ്ദേഹം പ്രവർത്തിക്കണമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി.

പ്രളയം ഉണ്ടായതിനു പിന്നാലെ അവിടെ നില്‍ക്കണോ എന്ന് മന്ത്രി ചിന്തിക്കണമായിരുന്നു. ആ ഔചിത്യം അദ്ദേഹം കാണിച്ചില്ല. മന്ത്രിയില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ആ വിശദീകരണം എക്‌സിക്യൂട്ടിവ് ചര്‍ച്ച ചെയ്ത് നടപടി തെറ്റാണെന്നു വിലയിരുത്തിയെന്നും കാനം പറഞ്ഞു.

പ്രളയസമയത്ത്‌ കേരളത്തിൽ ഇല്ലാതിരുന്നതിൽ ഖേദമുണ്ടെന്ന്‌ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗസ്‌റ്റ്‌ 16 മുതൽ 22വരെയാണ്‌ ജർമൻ സന്ദർശനം നടത്താനിരുന്നത്‌. പ്രളയം ശക്‌തമായതോടെ യാത്ര വെട്ടിച്ചുരുക്കി 20ന്‌ തിരിച്ചെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍