113പേരുടെ മരണത്തിന് ഇടയാക്കുകയും 350ലേറേ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌ത പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിന്റെ ഞെട്ടലിലാണ് സമീപവാസികള്‍. മരണത്തില്‍ നിന്ന് കഷ്‌ടിച്ച് രക്ഷപ്പെട്ടവരും പരുക്കേറ്റവരും രാജ്യത്തെ നടുക്കിയ ദുരന്തത്തിന്റെ ഭയപ്പെടുത്തുന്ന ഓര്‍മ്മകളില്‍ തന്നെയാണ്.
മൂന്ന് ദിവസമായി സമീപവാസികള്‍ വീടുകളില്‍ പാചകം നടത്തിയിട്ട്. കിണറുകളില്‍ നിന്ന് വെള്ളമെടുക്കുന്നത് വിലക്കിയതും കരുതിവച്ചിരുന്ന അരിയുള്‍പ്പെടെയുള്ള ഭക്ഷണപദാര്‍ഥങ്ങളില്‍ ജനല്‍ ചില്ലുകളും മറ്റും തകര്‍ന്നു വീണതും പാചകം മുടുങ്ങുന്നതിന് കാരണമായി. കിണറുകള്‍ വൃത്തിയാക്കുന്നത് അധികൃതര്‍ തടഞ്ഞിട്ടുണ്ട്. മിക്ക വീടുകളുടെ അവസ്ഥ ദയനീയമാണ്, വാതിലുകളും ജനാലകളും തകര്‍ന്നു. അടുക്കളയിലെ പാത്രങ്ങളും ഉപകരണങ്ങളും നശിച്ചു. പറവൂരിന് പുറത്തുള്ള ഹോട്ടലുകളില്‍ നിന്നാണ് ഭക്ഷണസാധനങ്ങള്‍ ഇപ്പോള്‍ എത്തിക്കുന്നത്. കുപ്പിവെള്ളവും പഴവും ബ്രഡും കഴിച്ചാണ് മിക്കവരും വിശപ്പകറ്റുന്നത്.
അപകടത്തിന്റെ ഞെട്ടലിലാണ് കുട്ടികള്‍. ഇവരെ ഡോക്‍ടര്‍മാരെ കാണിക്കാന്‍ ഒരുങ്ങുകയാണ് മാതാപിതാക്കള്‍. മേല്‍ക്കൂരകള്‍ തകര്‍ന്ന കാരണം വീടുകളില്‍ താമസിക്കാന്‍ കഴിയുന്നില്ല. സ്‌ഫോടകവസ്‌തുക്കളോ ശരീര അവശിഷ്‌ടങ്ങളോ കിണറില്‍ പതിച്ചിട്ടുണ്ടോ എന്ന സംശയം ഇതുവരെ അവസാനിച്ചിട്ടില്ല. ഇതിനാലാണ് വെള്ളമെടുക്കുന്നത് ആരോഗ്യവകുപ്പ് വിലക്കിയിരിക്കുന്നത്. അപകടമുണ്ടായ സ്ഥലത്തിന്റെ ചുറ്റുവട്ടത്തെ കിണര്‍വെള്ളം പരിശേധിക്കും.