പരവൂര്‍ ദുരന്തം: കളക്‌ടറുടെ മൊഴിയെടുക്കും; ഇതിനായി പ്രത്യേക ചോദ്യാവലി തയ്യാറാക്കും

Webdunia
ബുധന്‍, 13 ഏപ്രില്‍ 2016 (17:20 IST)
പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ല കളക്‌ടറുടെ മൊഴിയെടുക്കും. പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് കളക്‌ടറുടെ മൊഴിയെടുക്കുക. വെടിക്കെട്ടിന് കളക്‌ടര്‍ അനുമതി നിഷേധിച്ചിരുന്നു. ഈ സാഹചര്യം അറിയുന്നതിനു വേണ്ടിയാണ് കളക്‌ടറെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.
 
കൂടാതെ, അഡീഷണല്‍ ഡിസ്ട്രിക്‌ട് മജിസ്ട്രേറ്റിന്റെയും (എ ഡി എം) മൊഴിയെടുക്കും. വെടിക്കെട്ട് നടത്തുന്നതിന് എ ഡി എം വാക്കാല്‍ അനുമതി നല്കിയിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫോണ്‍ മുഖേന എ ഡി എം ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ക്ക് അനുമതി നല്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
 
എ ഡി എം ഇങ്ങനെ അനുമതി നല്കിയത് കളക്‌ടര്‍ അറിഞ്ഞിരുന്നോ എന്ന് അറിയുന്നതിനു വേണ്ടിയാണ് ചോദ്യം ചെയ്യുന്നത്. വെടിക്കെട്ട് അപകടം നടന്നതിനു ശേഷം കൊല്ലം ജില്ല കളക്‌ടര്‍ എ ഷൈനമോള്‍ പൊലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ രംഗത്തു വന്നിരുന്നു. വെടിക്കെട്ട് നടത്തുന്നതിന് താന്‍ അനുമതി നിഷേധിച്ചിരുന്നെന്നും ഉത്തരവ് നടപ്പാക്കേണ്ട ഉത്തരവാദിത്തം പൊലീസിന് ആണെന്നുമായിരുന്നു കളക്‌ടര്‍ പറഞ്ഞത്. വെടിക്കെട്ട് അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പൊലീസിനാണെന്ന് കളക്‌ടര്‍ റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്കിയിരുന്നു.