സമരം നിർത്തിയെന്ന് പറഞ്ഞവർ പിന്നെ രണ്ടാമത് വന്ന് ഒപ്പിട്ടതെന്തിന്? എസ് എഫ് ഐയ്ക്കെതിരെ രുക്ഷവിമർശനവുമായി പന്ന്യൻ രവീന്ദ്രൻ

ശനി, 11 ഫെബ്രുവരി 2017 (08:52 IST)
ലോ കോളേജ് വിഷയത്തിൽ സി പി എമ്മിനെതിരേയും എസ് എഫ് ഐയ്ക്കെതിരേയും രൂക്ഷവിമർശനവുമായി സി പി ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. ചിലര്‍ക്ക് അവര്‍ ചെയ്താല്‍ മാത്രമേ എല്ലാം ശരിയാവുകയുള്ളുവെന്ന നയമാണ് ഇപ്പോൾ ചിലർ കാണിക്കുന്നതെന്നും പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി. 
 
ലോ അക്കാദമി പ്രശ്‌നത്തില്‍ ചിലരുടെ സംശയരോഗം ഇനിയും തീര്‍ന്നിട്ടില്ല. വിദ്യാര്‍ത്ഥി സമരത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചവരുമായി കൈകോര്‍ത്തുവെന്നാണ് ചിലര്‍ ആരോപിക്കുന്നത്. വിദ്യാഭ്യാസമന്ത്രി ചര്‍ച്ച വിളിച്ചപ്പോള്‍ ഒരു സംഘടന പറഞ്ഞു, ഞങ്ങള്‍ സമരം നിര്‍ത്തിയെന്ന്. എങ്കില്‍ പിന്നീട് വിളിച്ച ചര്‍ച്ചയില്‍ ഒപ്പിടാന്‍ എന്തിന് അവര്‍ വന്നു. ഇപ്പോള്‍ ചിലര്‍ പറയുന്നു, ഇത് ഞങ്ങളുടെ പരാജയമാണെന്ന്. ഒരു തര്‍ക്കത്തിന്റെയും കാര്യമില്ലെന്ന് അദ്ദേഹം പറയുന്നു.
 
നമ്മുടെ രാഷ്ട്രീയത്തെക്കുറിച്ച് നമുക്ക് പൂര്‍ണബോധ്യമുണ്ട്. അലിഞ്ഞുപോകുന്ന, രാഷ്ട്രീയമല്ല, അനുഭവ സമ്പത്തുളള രാഷ്ട്രീയമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു. ഇന്റേണല്‍ മാര്‍ക്കിന്റെ കാര്യത്തില്‍ ഒരു കുട്ടിയും പീഡിപ്പിക്കപ്പെടാന്‍ പാടില്ല, കുട്ടികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കാന്‍ പാടില്ല . നെഹ്‌റു കോളേജ് നിയന്ത്രിക്കുന്നത് ഗുണ്ടകളാണ്. തിരുവനന്തപുരം ലോ അക്കാദമിയില്‍ ആകട്ടെ, ഭീകരനല്ല, ഭീകരിയാണ് പ്രഥമസ്ഥാനം കൈയ്യാളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക