പാമോലിൻ കേസിന്റെ വിചാരണ മെയ് 30ലേക്ക് തൃശ്ശൂർ വിജിലൻസ് കോടതി മാറ്റി. അന്നത്തെ ധനമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിക്കു പാമൊലിന്‍ ഇടപാടില്‍ വ്യക്തമായ അറിവുണ്ടായിരുന്നെന്നു ജഡ്ജി എസ്എസ് വാസന്‍ കേസിലെ വിടുതല്‍ഹര്‍ജി പരിഗണിക്കവേ ചൂണ്ടിക്കാട്ടിയത് സർക്കാരിനു തലവേദന സൃഷ്ടിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ഒന്നരമാസം ബാക്കി നിൽക്കവെ കോടതിയുടെ ഈ തീരുമാനം സർക്കാരിനു ആശ്വാസം നൽകുകയാണ്.
കേസിലെ രണ്ടാംപ്രതിയും മുന്‍മന്ത്രിയുമായ ടി എച്ച് മുസ്തഫ ഇന്ന് കോടതിയിൽ ഹാജരാകാതിരുന്നത് അതൃപ്തിയുണ്ടാക്കി. ടി എച്ച് മുസ്തഫയുടെയും അഞ്ചാം പ്രതിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുമായ ജിജി തോംസണ്‍ എന്നിവരുടെ വിടുതല്‍ഹര്‍ജി 2014 ഫെബ്രുവരിയില്‍ കോടതി തള്ളിയിരുന്നു. എന്നാൽ കേസിലെ മൂന്നും നാലും പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള പ്രസ്താവനക്കിടെ മുഖ്യമന്ത്രിക്കെതിരെ പരാമർശവും ഉണ്ടായിരുന്നു.
1991-92 കാലഘട്ടത്തിലായിരുന്നു വിവാദമായ പാമൊലിന്‍ ഇറക്കുമതി. ഖജനാവിന് 2.32 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണു വിജിലന്‍സ് കേസെടുത്തത്. പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച ഫയല്‍ ധനമന്ത്രി കാണണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കുറിപ്പു നല്‍കിയിരുന്നു. അങ്ങനെയാണു ഫയല്‍ ഉമ്മന്‍ ചാണ്ടിയുടെ മുന്നിലെത്തിയത്. ഫയലില്‍ ഉമ്മന്‍ ചാണ്ടി ഒപ്പുവച്ചെന്നു തെളിവുകള്‍ പരിശോധിച്ചു കോടതി നിഗമനത്തിലെത്തി.
2005ൽ യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ കേസ് പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് അധികാരത്തിൽ വന്ന എൽ ഡി എഫ് ആ തീരുമാനം റദ്ദാക്കി. അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ ഉത്തരവിടുകയും ചെയ്തിരുന്നു. കേസിന്റെ ഏതെങ്കിലും ഘട്ടത്തിൽ തെളിവ് ലഭിച്ചാൽ ഉമ്മൻ ചാണ്ടിയെ പ്രതിയാക്കാമെന്ന മുൻനിരീക്ഷണമാണ് കേസ് മാറ്റിവെച്ചതിലൂടെ തകർന്നിരിക്കുന്നത്.