പാമോലിന്‍ ഇടപാടില്‍ സര്‍ക്കാരിന് ഒരു രൂപ പോലും നഷ്‌ടമുണ്ടായിട്ടില്ല; എല്ലാവരെയും കുടുക്കാന്‍ കൊണ്ടുവന്ന് കെണിയാണ് കേസ് എന്നും മുഖ്യമന്ത്രി

ബുധന്‍, 24 ഫെബ്രുവരി 2016 (11:25 IST)
പാമോലിന്‍ കേസില്‍ സര്‍ക്കാരിന് ഒരു രൂപ പോലും നഷ്‌ടമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇടപാടില്‍ സര്‍ക്കാരിന് ഒരു രൂപ പോലും നഷ്‌ടമുണ്ടായിട്ടില്ല. 
 
മനപ്പൂര്‍വം എല്ലാവരേയും കുടുക്കാൻ കൊണ്ടുവന്ന കെണിയാണ് പാമോലിൻ കേസെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. സര്‍ക്കാരിന്  ഈ ഇടപാടില്‍ നഷ്‌ടമൊന്നും ഉണ്ടായിട്ടില്ലെന്നും ഒമ്പതു കോടിയുടെ ലാഭമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയെ പ്രതിയാക്കേണ്ടെന്ന് സുപ്രീംകോടതി വരെ പറഞ്ഞെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
 
പ്രതിപക്ഷത്തു നിന്ന് രാജു എബ്രഹാം എം എല്‍ എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയത്. കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ആയിരുന്നു അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയത്. എന്നാല്‍, സ്പീക്കര്‍ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്കിയില്ല.
 
ഫയലില്‍ ഒപ്പിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞെന്ന് രാജു എബ്രഹാം എം എല്‍ എ പറഞ്ഞു. പാമോലിൻ ഇടപാട് ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയെന്നായിരുന്നു കോടതി പരാമർശം.

വെബ്ദുനിയ വായിക്കുക