‘പാലസ്തീനിലെ കൂട്ടക്കശാപ്പുകാര്‍ക്കും ആര്‍‌എസ്‌എസിനും ഒരേ ചിന്താഗതി’

വെള്ളി, 25 ജൂലൈ 2014 (14:34 IST)
പാലസ്തീനില്‍ കൂട്ടക്കശാപ്പ് നടത്തുന്ന സയണിസ്റ്റുകള്‍ക്കും ആര്‍എസ്എസിനും ഒരേ ചിന്താഗതിയാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആര്‍എസ്എസ് നിയന്ത്രിത കേന്ദ്രസര്‍ക്കാരില്‍നിന്ന് പാലസ്തീന്‍ വിഷയത്തില്‍ പ്രമേയമൊന്നും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 
ഇസ്രായേലുമായി ഒരുബന്ധവും പാടില്ലെന്നും അവിടേക്ക് ഒരാളും പോകരുതെന്നുമാണ് ഇന്ത്യയുടെ പ്രഖ്യാപിത നയം. പാലസ്തീനും ഇന്ത്യയുമായി നല്ലബന്ധമാണ് പതിറ്റാണ്ടുകളായി തുടരുന്നത്. നെഹ്റുവും ഇന്ദിര ഗാന്ധിയുമൊക്കെ പാലസ്തീനുമായി നല്ലബന്ധമാണ് തുടര്‍ന്നത്. വാജ്പേയ് സര്‍ക്കാറിന്റെ കാലത്താണ് പാലസ്തീന് പകരം ഇസ്രായേല്‍ ബന്ധം തുടങ്ങുന്നത്. ആയുധ ഇടപാടിലാണ് ഈ അവിശുദ്ധ ബന്ധം ശക്തിപ്രാപിച്ചതെന്നും പിണറായി കുറ്റപ്പെടുത്തി.  
മുസ്ലിം ഭീകരവാദത്തെ നേരിടാന്‍ ഇസ്രായേലില്‍നിന്ന് കമാന്‍ഡോകളെ കൊണ്ടുവരണമെന്നു പറഞ്ഞയാളാണ് രാജ്നാഥ് സിംഗ്. ഇദ്ദേഹം മന്ത്രിയായുള്ള സര്‍ക്കാരില്‍നിന്ന് ഇസ്രായേലിനെതിരായ പ്രമേയം പ്രതീക്ഷിക്കുന്നതില്‍ എന്തടിസ്ഥാനമാണുള്ളത്. ആര്‍എസ്എസ് നിയന്ത്രിത ബിജെപി സര്‍ക്കാരിന്റെ കാര്യം വിടാം. കോണ്‍ഗ്രസിന് പാലസ്തീന്‍ വിഷയത്തില്‍ എന്താണ് പറയാനുള്ളതെന്നും പിണറായി ചോദിച്ചു.

വെബ്ദുനിയ വായിക്കുക