വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി താന്‍ തന്നെയായിരിക്കുമെന്ന സന്ദേശം പരോക്ഷമായി അണികളിലെത്തിക്കുകയാണ് മലമ്പുഴയിലെ പ്രസംഗങ്ങളിലൂടെ വി എസ് അച്യുതാനന്ദന്‍. ഇത്തവണയും വലിയ ഭൂരിപക്ഷത്തോടെ തന്നെ മലമ്പുഴയില്‍ നിന്നും വിജയിപ്പിക്കുകയാണെങ്കില്‍ 2006-11 കാലയളവ് ആവര്‍ത്തിക്കുമെന്ന വാചകമായിരുന്നു മലമ്പുഴയിലെ പ്രദേശിക കണ്‍വെന്‍ഷനുകളില്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ സവിശേഷത.
കഴിഞ്ഞ മൂന്നു തവണയും മലമ്പുഴയില്‍ നിന്നുള്ള ജനപ്രതിനിധി കേരളത്തിന്‍റെ മുഖ്യമന്ത്രിയോ അല്ലെങ്കില്‍ പ്രതിപക്ഷ നേതാവോ ആയിരുന്നു. ആസ്ഥിതി തുടര്‍ന്നാല്‍ ഇത്തവണയും വി എസ് തന്നെയാകും മുഖ്യമന്ത്രിയെന്ന് മലമ്പുഴയിലെ ഭൂരിപക്ഷം വിഎസ് അണികളും വിശ്വസിക്കുന്നു. ആ വിശ്വാസത്തിന് ഉര്‍ജ്ജം പകര്‍ന്നു നല്‍കുന്നതായിരുന്നു വിഎസിന്‍റെ പ്രസംഗങ്ങള്‍. 2006- 11 പോലുള്ള സര്‍ക്കാറിനെ വീണ്ടും അധികാരത്തിലെത്തികാന്‍ എല്ലാവരും പ്രവര്‍ത്തിക്കണം. ഈ സന്ദേശം എല്ലാ വീടുകള്‍ തോറും പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കണമെന്നും വി എസ് വ്യക്തമാക്കി.
ഈ പ്രസംഗത്തോടെ അണികള്‍ക്കിടയിലെ ആത്മവിശ്വാസം ഇരട്ടിയായിട്ടുണ്ട്. മൂന്നു ദിവസം മലമ്പുഴയില്‍ തങ്ങിയ വിഎസ് ഇരുപതോളം പ്രാദേശിക കണ്‍വന്‍ഷനുകളിലാണ് പ്രസംഗിച്ചത്.