വെട്ടിനിരത്തി അമിത് ഷാ; ശ്രീധരന്‍പിള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍

തിങ്കള്‍, 30 ജൂലൈ 2018 (19:58 IST)
കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി പോയതോടെ ഒഴിവുവന്ന ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് അഡ്വ: പിഎസ്‌ ശ്രീധരന്‍പിള്ളയെ നിയമിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്‌.

പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കുമെന്ന് അധ്യക്ഷനായി നിയമിക്കപ്പെട്ട ശേഷം ശ്രീധരന്‍ പിള്ള പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് അദ്ദേഹത്തിനിത് രണ്ടാമൂഴമാണ്‌. 2003-2006 സമയത്തായിരുന്നു ശ്രീധരന്‍ പിള്ള മുമ്പ് അധ്യക്ഷ പദവിയിലിരുന്നത്.

വി മുരളീധരന്‍, പികെ കൃഷ്ണദാസ് പക്ഷങ്ങള്‍ വ്യത്യസ്ത പേരുകള്‍ നിര്‍ദേശിച്ചതോടെ നീണ്ട തര്‍ക്കത്തിനൊടുവിലാണ് ഇരു ഗ്രൂപ്പിലും പെടാത്ത ശ്രീധരന്‍പിള്ളയെ തന്നെ അധ്യക്ഷനാക്കാന്‍ നേതൃത്വം തീരുമാനിച്ചത്‌. ഗ്രൂപ്പ് കളിയുടെ ചുക്കാന്‍ പിടിക്കുന്ന മുരളീധരന്‍ എംപിക്ക് ആന്ധ്രാപ്രദേശിന്റെ അധികചുമതലയും നല്‍കി.

വരുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആർഎസ്എസ് സ്വീകരിച്ച നിലപാടാണ് രണ്ടാം വട്ടവും സംസ്‌ഥാന അധ്യക്ഷസ്ഥാനത്തെക്ക് ശ്രീധരൻ പിള്ളയെ എത്തിക്കാന്‍ സഹായിച്ചത്.

സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ശക്തമായ നീക്കം നടത്തിയെങ്കിലും കേന്ദ്രനേതൃത്വം ശ്രീധരന്‍പിള്ളയ്‌ക്ക് മുന്‍‌ഗണന നല്‍കി. അമിത് ഷായുടെയും ആർഎസ്എസിന്റെയും എതിര്‍പ്പാണ് സുരേന്ദ്രന് തിരിച്ചടിയായത്. പികെ കൃഷ്‌ണദാസ്‌, എഎന്‍ രാധാകൃഷ്‌ണന്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു വന്നുവെങ്കിലും ഗ്രൂപ്പ് പോര് വില്ലനായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍