ബുധനാഴ്‌ച വരെ ശക്തമായ മഴ; ഏറ്റവും കൂടുതൽ അധിക മഴ ലഭിച്ചത് ഇടുക്കി ജില്ലയിൽ

തിങ്കള്‍, 30 ജൂലൈ 2018 (14:26 IST)
ബുധനാഴ്ച വരെ ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് റിപ്പോർട്ടുകൾ. വടക്കന്‍ ജില്ലകളിലും വ്യാപകമായി മഴ ലഭിക്കും. അതേസമയം സംസ്ഥാനത്ത് ഇത്തവണ ജൂൺ മാസത്തിൽ മാത്രമായി 20% അധിക മഴ ലഭിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
 
ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 25 വരെയുള്ള ചുരുങ്ങിയ കാലയളവിൽ കേരളത്തിൽ ലഭിച്ചത് 20 ശതമാനം അധിക മഴയെന്ന് റിപ്പോർട്ടുകൾ. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ അധിക മഴ ലഭിച്ചത്. അതേസമയം മഴയുടെ അളവ് ഏറ്റവും കൂടുതല്‍ കോഴിക്കോട് ജില്ലയിലാണ്. അധിക മഴ കാരണം വെള്ളം കയറിയതിനെത്തുടർന്ന് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളും തുറന്നുവിടാൻ സാധ്യതയുണ്ട്.
 
സംസ്ഥാനത്ത് സാധാരണ കിട്ടേണ്ട മഴയില്‍ നിന്നും കുറവ് മഴ ലഭിച്ചത് കാസര്‍ഗോഡ്, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലാണ്. 12%  കുറവ് മഴയാണ് കാസർഗോഡ് ലഭിച്ചത്. തിരുവനന്തപുരത്തും തൃശൂരും 5% മഴയുടെ കുറവാണുണ്ടായത്.
 
ഈ സീസണില്‍ 1,507.4 മില്ലിമീറ്റര്‍ മഴ സംസ്ഥാനത്തിന് ലഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇടുക്കിയില്‍ 49% അധിക മഴയും കോട്ടയത്ത് 43% അധികമഴയുമാണ് ലഭിച്ചത്. തൊട്ടുപിന്നാലെ 41% പാലക്കാടും 39% എറാണാകുളവും അധിക മഴ ലഭ്യമായി. അധിക മഴ ലഭ്യമായതോടെയും അണക്കെട്ടുകളെല്ലാം നിറഞ്ഞൊഴുകിയതോടെയും വൈദ്യുതി വകുപ്പ് വൈദ്യുതി ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ചെയ്‌തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍