കതിരൂര്‍ മനോജ് വധക്കേസ്: 505 ദിവസമായി അന്വേഷണം നടക്കുന്നു; തെളിവ് ഹാജരാക്കാന്‍ സി ബി ഐക്ക് കഴിഞ്ഞിട്ടില്ലെന്ന് ജയരാജന്റെ അഭിഭാഷകന്‍

തിങ്കള്‍, 18 ജനുവരി 2016 (14:32 IST)
കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ചൊവ്വാഴ്ച പുറപ്പെടുവിക്കും. തലശ്ശേരി ജില്ല സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുക.
 
മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചിരുന്നു. കഴിഞ്ഞ 505 ദിവസമായി കേസില്‍ അന്വേഷണം നടക്കുകയാണ്. പക്ഷേ, പി ജയരാജനെ പ്രതിയാക്കാനോ എന്തെങ്കിലും തെളിവ് ഹാജരാക്കാനോ സി ബി ഐക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ട് ജാമ്യം നല്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.
 
അതേസമയം, കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ ജയരാജനെ പ്രതിയാക്കിയിട്ടില്ലെന്ന് സി ബി ഐ കോടതിയെ അറിയിച്ചു. കേസില്‍ സി ബി ഐ ഇന്ന് തെളിവുകള്‍ ഒന്നും ഹാജരാക്കിയിരുന്നില്ല.
 
ചോദ്യം ചെയ്യലിന് ഹാജരായാല്‍ സി ബി ഐ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയത്.
 
കേസില്‍ ഈ മാസം 12ന് സി ബി ഐയുടെ തലശ്ശേരി ക്യാമ്പ് ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്കിയിരുന്നു. ഇതിനെ തുടര്‍ന്ന്, 11ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കുകയായിരുന്നു. ജാമ്യാപേക്ഷ പരിഗണിച്ച ജില്ല ജഡ്‌ജി വി ജി അനില്‍ കുമാര്‍ സി ബി ഐക്ക് നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടിരുന്നു.

വെബ്ദുനിയ വായിക്കുക