കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും; ഓപ്പറേഷന്‍ പി-ഹണ്ടില്‍ ഐടി ജീവനക്കാര്‍ അടക്കം പിടിയില്‍ !

ചൊവ്വ, 23 മെയ് 2023 (11:37 IST)
ഓപ്പറേഷന്‍ പി.ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായി നടത്തിയ പരിശോധനയില്‍ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒട്ടാകെ 449 സ്ഥലങ്ങളിലായിരുന്നു പരിശോധന നടത്തിയത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
 
പിടിയിലായവരില്‍ ഐ.ടി ജീവനക്കാരും ഉള്‍പ്പെടുന്നു. ജില്ലാ പോലീസ് മേധാവികളുടെ മേല്‍നോട്ടത്തില്‍ സൈബര്‍ പോലീസിന്റെ സഹായത്തോടെയായിരുന്നു അതാത് ജില്ലകളിലെ പരിശോധന. ഇതുമായി ബന്ധപ്പെട്ടു 133 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
 
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍, ഉള്ളടക്കങ്ങള്‍, വിഡിയോകള്‍ എന്നിവ കൈവശം വയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്ത കുറ്റത്തിനായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനൊപ്പം ഇതിനുപയോഗിച്ച കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ ഉള്‍പ്പെടെ 212 ഉപകരണങ്ങളും പിടിച്ചെടുത്തു.
 
പിടിച്ചെടുത്ത ദൃശ്യങ്ങള്‍ എല്ലാം തന്നെ അഞ്ചു മുതല്‍ പതിനാറു വയസുവരെയുള്ള തദ്ദേശീയരായ കുട്ടികളുടേതാണ്. ഇക്കൊല്ലം വ്യാപകമായ തോതില്‍ പോലീസ് നടത്തുന്ന മൂന്നാമത്തെ പരിശോധനയാണിത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍