അങ്ങയുടെ വാക്കും പ്രവർത്തിയും തമ്മിലുള്ള വിടവ് വർധിക്കുന്നു; വി എസിന്റെ മൊബൈൽ ആപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഉമ്മൻചാണ്ടി

തിങ്കള്‍, 25 ഏപ്രില്‍ 2016 (14:20 IST)
പ്രതിപക്ഷ നേതാവ് വി എസും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും തമ്മിലുള്ള ഫെയ്സ്ബുക്ക് പോര് തുടരുന്നതിനിടയിൽ തട്ടകം മാറ്റിപിടിച്ച വി എസിന് മുഖ്യമന്ത്രിയുടെ വക രൂക്ഷ വിമർശനം. ഫെയ്സ്ബുക്കിനും വെബ്സൈറ്റിനും പുറമെ വി എസ് സ്വന്തമായി മൊബൈൽ ആപ്പ് തുടങ്ങിയതിനെതിരെ കത്തിലുടെ വിമർശനം അറിയിക്കുകയാണ് മുഖ്യമന്ത്രി. 
 
അങ്ങ് പറയുകയും പ്രചരിപ്പിക്കുകയും ചെയ്തപോലെ അങ്ങയുടെ വെബ്‌സൈറ്റും സ്വതന്ത്ര സോഫ്റ്റ് വെയറില്‍ ചെയ്തിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചുപോകുന്നു. മൈക്രോ സോഫ്റ്റിനെ അങ്ങെങ്കിലും മൂലയ്ക്കിരുത്തണമായിരുന്നു. അങ്ങയുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വിടവ് വളരുകയാണ്. വാക്കും പ്രവൃത്തിയും ഒന്നാകുകയെന്നത് ഓരോ പൊതുപ്രവര്‍ത്തകന്റെയും അടിസ്ഥാന പ്രമാണമായിരിക്കണം. ഇക്കാര്യങ്ങ‌ൾ കത്തിൽ എടുത്ത് പറഞ്ഞാണ് മുഖ്യമന്ത്രി വി എസിനെ വിമർശിച്ചിരിക്കുന്നത്.
 
മുഖ്യമന്ത്രി ഉമ്മൻചാണ്ടി വി എസിന് അയച്ച കത്തിന്റെ പൂർണ്ണരൂപം:
 
പ്രിയപ്പെട്ട പ്രതിപക്ഷനേതാവേ,
 
സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വക്താവ് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ 2006 ഓഗസ്റ്റില്‍ കേരളത്തിലെത്തുകയും മുഖ്യമന്ത്രിയായിരുന്ന അങ്ങയെ കാണുകയും ചെയ്തിരുന്നല്ലോ. പ്രതിപക്ഷ നേതാവായിരുന്ന എന്നെയും അദ്ദേഹം കണ്ടിരുന്നു. സ്വതന്ത്രസോഫ്റ്റ് വെയറിനുവേണ്ടി അങ്ങു നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ച് അദ്ദേഹവും എന്നോടു പറഞ്ഞിട്ടുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ഞാനും എതിരല്ല.
 
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോത്സാഹിപ്പിക്കാനും ജനകീയമാക്കാനും ഇടതു സര്‍ക്കാര്‍ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് അങ്ങ് ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ടവരുടെ ദേശീയ സമ്മേളനം കൊച്ചിയില്‍ അങ്ങ് ഉദ്ഘാടനം ചെയ്തിരുന്നു. കേരള സാങ്കേതിക സര്‍വകലാശാല ഓണ്‍ലൈന്‍ പേപ്പര്‍ പരിശോധനയ്ക്ക് മൈക്രോ സോഫ്റ്റ് സില്‍വര്‍ ലൈറ്റ് എന്ന സൗജന്യമായി ലഭിക്കുന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ ശ്രമിച്ചതിനെ വരെ അങ്ങ് രൂക്ഷമായി വിമര്‍ശിക്കുകയും അതിനു പകരം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തത് 2015 നവംബറില്‍ ആയിരുന്നല്ലോ.
 
സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അങ്ങെന്നെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. കത്തുകളും അയച്ചിട്ടുണ്ട്. അങ്ങ് ഇപ്പോള്‍ സ്വന്തം വെബ്‌സൈറ്റും ഫേസ് ബുക്കും കൂടാതെ മൊബൈല്‍ ആപ്ലിക്കേഷനും തുടങ്ങിയത് നല്ല കാര്യം. വൈകിവന്ന വിവേകമാണെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നു. 
 
എനിക്കൊരറ്റ ആക്ഷേപമേയുള്ളു. അങ്ങ് നാഴിക്ക് നാല്പതുവട്ടം കുത്തകയെന്നു വിളിച്ചാക്ഷേപിക്കുന്ന സ്ഥാപനമാണ് മൈക്രോ സോഫ്റ്റ്. അവരുടെ ഉല്പന്നമായ asp.net ഉപയോഗിച്ചാണ് അങ്ങയുടെ വെബ്‌സൈറ്റ് വികസിപ്പിച്ചിരിക്കുന്നത്. അത് ഹോസ്റ്റ് ചെയ്തിരിക്കുന്ന സെര്‍വര്‍ മൈക്രോസോഫ്റ്റ്
വിന്‍ഡോസാണ്. ആ സെര്‍വര്‍ സ്ഥിതി ചെയ്യുന്നത് സിംഗപ്പൂരിലെ ഡേറ്റാ സെന്ററിലുമാണ്. ഡൊമെയിന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഡൊമെയിന്‍ വില്പനയില്‍ ആഗോള കുത്തകയുള്ള അമേരിക്കന്‍ കമ്പനിയായ ഗോഡ്ഡാഡിയും. 
 
എന്റെ പേരില്‍ രണ്ടു വെബ്‌സൈറ്റുകളുണ്ട്. ആദ്യത്തേത് keralacm.gov.in. ഇത് സര്‍ക്കാരിന്റെ വെബ്‌സൈറ്റായതിനാല്‍ തെരഞ്ഞെടുപ്പ് ചട്ടം പാലിക്കാന്‍ തുടങ്ങിയ സ്വകാര്യ സൈറ്റാണ് oommenchandy.net രണ്ടും ഓപ്പണ്‍ സോഴ്‌സ് സെര്‍വറായ ലിനക്‌സിലാണു ഹോസ്റ്റ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ വെബ്‌സൈറ്റ് സര്‍ക്കാര്‍ ഡേറ്റാ സെന്ററിലാണ് സ്ഥിതി ചെയ്യുന്നത്. സ്വകാര്യ വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും ഹോസ്റ്റ് ചെയ്തിരിക്കുന്നതും ഇന്ത്യയില്‍ തന്നെ.
 
ഇതുപോലെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്ന ധാരാളം വെബ്‌സൈറ്റുകള്‍ വേറെയുമുണ്ട്. അങ്ങ് പറയുകയും പ്രചരിപ്പിക്കുകയും ചെയ്തപോലെ അങ്ങയുടെ വെബ്‌സൈറ്റും സ്വതന്ത്ര സോഫ്റ്റ് വെയറില്‍ ചെയ്തിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചുപോകുന്നു. മൈക്രോ സോഫ്റ്റിനെ അങ്ങെങ്കിലും മൂലയ്ക്കിരുത്തണമായിരുന്നു. അങ്ങയുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വിടവ് വളരുകയാണ്. വാക്കും പ്രവൃത്തിയും ഒന്നാകുകയെന്നത് ഓരോ പൊതുപ്രവര്‍ത്തകന്റെയും അടിസ്ഥാന പ്രമാണമായിരിക്കണം. അല്ലെങ്കില്‍ ഹം സബ് ചോര്‍ ഹെ എന്നു ജനങ്ങള്‍ പറയും. ആഗോള കുത്തക ഭീമന്‍ എന്ന് അങ്ങ് എപ്പോഴും ആക്ഷേപിക്കുന്ന മൈക്രോ സോഫ്റ്റിനെ അങ്ങ് എന്തിന് ഇപ്പോള്‍ പരിലാളിക്കുന്നു എന്നു കൂടി അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക