കൊല്ലം പരവൂർ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്രത്തിൽ നിന്നും 117 കോടി രൂപ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു. ദുരിതത്തിൽ പരുക്കേറ്റവരുടെ ചികിത്സ, വീടുകൾ നഷ്ടമായവർക്ക് വീട് നിർമിച്ചു നൽകുക, ജോലി ചെയ്യാൻ സാധിക്കാത്ത രീതിയിൽ അംഗവൈകല്യം സംഭവിച്ചവരുടെ ജീവിത മാർഗം തുടങ്ങിയ ആവശ്യങ്ങൾക്കായാണ് കേന്ദ്രസഹായം തേടുന്നതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
ദുരന്തത്തിൽ നിരവധിപേരുടെ വീടുകൾക്കും കിണറുകൾക്കും നാശനഷ്ടങ്ങൾ വന്നിട്ടുണ്ട്. ഒപ്പം അനേകം പേർക്ക് ജീവിതം തന്നെ നഷ്ടമായ രീതിയിൽ പലർക്കും വൈകല്യങ്ങൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ ചിലരുടെ ശ്രവണശക്തിക്കും തകരാറ് സംഭവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സഹായം ലഭ്യമായില്ലെങ്കിൽ പലരുടെയും ജീവിതം ദുരിതത്തിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരന്ത പ്രദേശം സന്ദർശിച്ച് വ്യക്തമായ റിപ്പോർട്ട് ഹാജരാക്കണമെന്ന് സർക്കാർ നിയോഗിച്ച മൂന്നംഗ മന്ത്രിസഭാ ഉപസമിതി ഉദ്യോഗസ്ഥരോട് നിർദേശിച്ചിരുന്നു. സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും അപകടം നടന്ന പ്രദേശം സന്ദർശിക്കുകയും നാശനഷ്ടങ്ങളെ സംബന്ധിച്ച വിവദമായ റിപ്പോർട്ട് നൽകുകയും ചെയ്തു. മന്ത്രിസഭാ ഉപസമിതിയും അന്വേഷണ ഉദ്യോഗസ്ഥരും നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിൽ നിന്നും 117 കോടി രൂപ ധനസഹായം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.