തൊണ്ടയിലെ കാന്‍സര്‍ തിരിച്ചറിയാന്‍ വൈകിയതാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാക്കിയത്. തുടക്ക സമയത്ത് തന്നെ വിദഗ്ധ ചികിത്സ ലഭിച്ചാല്‍ ഭേദപ്പെടാന്‍ സാധ്യതയുള്ള അര്‍ബുദമാണ് തൊണ്ടയിലെ അര്‍ബുദം. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ അര്‍ബുദം തിരിച്ചറിയാന്‍ വൈകിയിരുന്നു. തൊണ്ടയിലെ അര്‍ബുദത്തിനെതിരെ നാട്ടുവൈദ്യം അടക്കം ഉമ്മന്‍ചാണ്ടി പരീക്ഷിച്ചിരുന്നു.
ഉമ്മന്‍ചാണ്ടിക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ വിഷയത്തില്‍ നേരിട്ട് ഇടപെട്ടു. ഉമ്മന്‍ചാണ്ടി വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്തു. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടയ്ക്കിടെ ഫോണില്‍ വിളിച്ച് അന്വേഷിക്കാറുണ്ടായിരുന്നു.
പുലര്‍ച്ചെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തില്‍ പൊതു അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവൃത്തിക്കില്ല. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകം. സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുഃഖാചരണത്തിന്റെ ഭാഗമായി ഈ രണ്ട് ദിവസങ്ങളില്‍ നടത്താനിരിക്കുന്ന പൊതു പരിപാടികള്‍ സര്‍ക്കാര്‍ റദ്ദാക്കും. ജൂലൈ 19 ബുധനാഴ്ച നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം അടക്കം മാറ്റിയേക്കും.
ഇന്ന് പുലര്‍ച്ചെ 4.25 നാണ് ഉമ്മന്‍ചാണ്ടിയുടെ മരണം സ്ഥിരീകരിച്ചത്. അര്‍ബുദ ബാധിതനായ അദ്ദേഹം കുറച്ച് നാളുകളായി ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെയാണ് ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട്. മകന്‍ ചാണ്ടി ഉമ്മന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗ വാര്‍ത്ത കേരളത്തെ അറിയിച്ചത്. 79 വയസ്സായിരുന്നു.
രണ്ട് തവണകളായി ഏഴ് വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയായ നേതാവാണ് ഉമ്മന്‍ചാണ്ടി. തൊഴില്‍, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോര്‍ഡ്. 1970 മുതല്‍ 2021 വരെ തുടര്‍ച്ചയായി 12 തവണയാണ് പുതുപ്പള്ളി മണ്ഡലത്തില്‍ ജയിച്ച് ഉമ്മന്‍ചാണ്ടി നിയമസഭയിലെത്തിയത്. നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമാണ്.