സുധീരന്റെ പ്രസ്താവനയ്ക്ക് മറുപടിയില്ലെന്ന് ഉമ്മന്‍‌ചാണ്ടി

ബുധന്‍, 24 ഡിസം‌ബര്‍ 2014 (13:33 IST)
അധികാരമില്ലാത്തപ്പോള്‍ ജനങ്ങള്‍ കൂടെയുണ്ടാകില്ലെന്ന സുധീരന്റെ പ്രസ്താവനയ്ക്ക് മറുപടിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഞാന്‍ ആരുമായിട്ടും ഒരുവിധത്തിലുമുള്ള ഏറ്റുമുട്ടലിനില്ല. പ്രതിപക്ഷവുമായിപ്പോലും ഏറ്റുമുട്ടാറില്ല. സുധീരന്റേത് പൊതുപ്രസ്താവനയാണ്. അത് എല്ലാവര്‍ക്കും ബാധകമാണ്. മുഖ്യമന്ത്രി പറഞ്ഞു.

മദ്യനയത്തില്‍ കാര്യമായ മാറ്റം വരുത്തിയെന്ന പ്രചാരണം തെറ്റാണെന്നും കേരള സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങിയെന്നത് കള്ളമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. നയത്തില്‍ ഇപ്പോള്‍ വരുത്തിയത് പ്രായോഗിക മാറ്റങ്ങളാണ്. മദ്യനയത്തില്‍ മാറ്റം വരുത്തിയെന്നതിന് പറയുന്ന ഞായറാഴ്ച ഡ്രൈ ഡേ എന്നത് എടുത്തു കളഞ്ഞ നടപടിക്ക് താന്‍ മാത്രമാണ് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. തെറ്റുപറ്റിയെന്നു മനസിലായപ്പോള്‍ വരുത്തിയ മാറ്റം മാത്രമാണിത്. യുഡിഎഫ് സര്‍ക്കാര്‍ തന്നെ തിരികെ അധികാരത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആന്റണി സര്‍ക്കാരിന്റെ ചാരായ നിരോധനമ കേരളത്തിന്‍റെ സുപ്രധാനമായൊരു ചുവടുവെപ്പായിരുന്നു. ചാരായ നിരോധനം വിജയിച്ചത് പ്രായോഗികത കൊണ്ടായിരുന്നു. അത് കഴിഞ്ഞാണ് 338 റീട്ടെയ്ല്‍ ഷാപ്പുകള്‍ ബിവറേജസ് കോര്‍പറേഷന്‍ ഏറ്റെടുക്കുന്നത്. ഈ പ്രായോഗികതയാണ് താനും മാതൃകയാക്കുന്നതെന്ന് മുഖ്യമന്ത്രി പരോക്ഷമായി സൂചിപ്പിച്ചു.

പ്രായോഗികതയ്ക്കായി അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന് കെ കരുണാകരനേയും മുഖ്യമന്ത്രി കൂട്ടുപിടിച്ചു. കെ. കരുണാകരന്‍ പ്രായോഗികതയില്‍ ഊന്നിനിന്ന് പ്രവര്‍ത്തിച്ച രാഷ്ട്രീയ നേതാവാണെന്ന് ഉമ്മന്‍ ചാണ്ടി പറയുകയും ചെയ്തു. 70ത് മുതല്‍ കരുണാകരന്‍റെ അടുത്ത് നിന്ന് പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ചയാളാണ് താന്‍. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെ വളരെ അടുത്ത് നിന്ന് കാണാന്‍ സാധിച്ചിട്ടുണ്ട്. കരുണാകരനെ പോലെ പ്രായോഗികതയില്‍ ഊന്നിനിന്ന് പ്രവര്‍ത്തിക്കാന്‍ അന്നും ഇന്നും ഒരാളും ഇല്ല എന്ന വിശ്വാസക്കാരനാണ് താന്‍.

അതേ സമയം ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചയാളാണ് കരുണാകരന്‍. അദ്ദേഹം ഒറ്റപ്പെടുന്ന ഒരു സന്ദര്‍ഭം ഉണ്ടായതായി കരുതുന്നില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു. അധികാരം നഷ്ടമാകുമ്പോള്‍ ആരും അടുത്തുണ്ടാകില്ലെന്ന് കരുണാകരനെ ഉദാഹരണമാക്കി സുധീരന്‍ പറഞ്ഞിരുന്നു. ഇതിനും കൂടിയുള്ള മറുപടിയാണ് ഉമ്മന്‍‌ചാണ്ടി നല്‍കിയത്. കെപിസിസി പ്രസിഡന്‍റും മുഖ്യമന്ത്രിയും രണ്ടു വഴിക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാണല്ലൊ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഉമ്മന്‍ചാണ്ടി ഇത്തരത്തില്‍ പ്രതികരിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക