യുഡിഎഫിൽ അവഗണന നേരിടുകയാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനുമായി വേദി പങ്കിട്ട ജെഡിയു നേതാവ് എംപി വീരേന്ദ്രകുമാറുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി.
ഇടതുപാളയത്തിലേക്ക് വീരനും സംഘവും മടങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി സംസാരിച്ചത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് തോൽവിക്ക് ഉത്തരവാദികളായവർക്കെതിരെ കോൺഗ്രസ് നടപടിയെടുക്കാത്തതില്‍ ജെഡിയുവിന് അമര്‍ഷം രൂക്ഷമായിരിക്കെയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് കാലുവാരിയയെന്ന് വീരേന്ദ്രകുമാറും സംഘവും കേരളത്തിലെത്തിയ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയോട് പറഞ്ഞത്.
അതിനിടെ, വീരേന്ദ്രകുമാറിന്‍റെ പുസ്തകം പിണറായി വിജയൻ പ്രകാശനം ചെയ്തതും വർഷങ്ങൾക്കുശേഷം ഇരുവരും ഒരു വേദിയിലെത്തിയതും മഞ്ഞുരുകലിന്‍റെ തുടക്കമായി വ്യാഖ്യാനിക്കുകയും ചെയ്തു. ജെഡിയു ഇടതുമുന്നണിയിലേക്ക് അടുക്കുന്നതിന്‍റ സൂചന വ്യക്തമായതോടെയാണ് മുഖ്യമന്ത്രി വീരേന്ദ്രകുമാറിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്.