കസ്തൂരി രംഗന്‍: ആശങ്കകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി

ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (11:41 IST)
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കിയതായി ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍. കോഴിക്കോട് ബിഷപ്പ് ഡോ വര്‍ഗീസ് ചക്കാലക്കല്‍, താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചാനാനിയല്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കിയതെന്ന് വര്‍ഗീസ് ചക്കാലക്കല്‍ വ്യക്തമാക്കി.

രാവിലെ 7.30ഓടെ കോഴിക്കോട് ബിഷപ്പ് ഹൗസിൽ വച്ചായിരുന്നു ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ, താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയേൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ കസ്തൂരി രംഗന്‍ വിഷയം ചര്‍ച്ചയായെന്ന്
വര്‍ഗീസ് ചക്കാലക്കല്‍ വ്യക്തമാക്കി. എന്നാല്‍ കൂടിക്കാഴ്‌ചയെ കുറിച്ച് ഒന്നും പറയാന്‍ മുഖ്യമന്ത്രി തയാറായില്ല. കസ്തൂരി രംഗൻ പ്രശ്നത്തിൽ സഭയുടെ ആശങ്കകൾ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി ബിഷപ്പുമാർ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയം ചർച്ചാ വിഷയമായില്ലെന്നും അവർ കൂട്ടിച്ചേർത്തു.

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരുമായി കോഴിക്കോട്ട് ചര്‍ച്ച നടത്തും. ജില്ലയിലത്തെിയ മുഖ്യമന്ത്രി ഇന്ന് ജനകീയസംവാദവും നടത്തും. ഓട്ടോറിക്ഷാ തെഴിലാളികള്‍, ചുമട്ടു തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ചെറുകിട കച്ചവടക്കാര്‍ എന്നിങ്ങനെ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുമായാണ് മുഖ്യമന്ത്രി പ്രധാനമായും സംവദിക്കുന്നത്.

വെബ്ദുനിയ വായിക്കുക