ബിജു രാധാകൃഷ്ണന്റെ മൊഴിയിലൂടെ മുഖ്യമന്ത്രിയുടെ തനിനിറം പുറത്തുവന്നു; പിണറായി
ബുധന്‍, 2 ഡിസംബര്‍ 2015 (16:51 IST)
ബിജു രാധാകൃഷ്ണന്റെ മൊഴിയോടെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ തനിനിറം പുറത്തു വന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഫേസ്‌ബുക്കില്‍. യുഡിഎഫിലും കോൺഗ്രസിലും ആത്മാഭിമാനമുള്ളവർ ഉണ്ടെങ്കിൽ ഈ നിമിഷം ഉമ്മൻചാണ്ടിയെ ഇറക്കി വിടണം. ടീം സോളാറിന്റെ വളര്‍ച്ചയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും അദ്ദേഹത്തിന്റെ പോസ്‌റ്റില്‍ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചരകോടി രൂപ കോഴ നല്‍കിയെന്ന ബിജു രാധാകൃഷ്ണന്റെ മൊഴിയോടെ ഉമ്മൻചാണ്ടിക്ക് രക്ഷപ്പെടാൻ ഒരു പഴുതും ഇല്ലാതായി.സോളാര്‍കമ്മീഷനുമുന്നിൽ ബിജു രാധാകൃഷ്ണൻ നടത്തിയ വെളിപ്പെടുത്തല്‍ വിശ്വസനീയമാകുന്നത്, ഇതേ ബിജു രാധാകൃഷ്ണനുമായി ഉമ്മൻചാണ്ടിക്ക് നേരത്തെ ബന്ധം ഉണ്ട് എന്നതിനാലാണ്.
സർക്കാർ അതിഥി മന്ദിരത്തിൽ അടച്ചിട്ട മുറിയിൽ ബിജു രാധാകൃഷ്ണനുമായി രഹസ്യ ചർച്ച ഉമ്മൻചാണ്ടി നടത്തിയത് ഈ ഇടപാട് സുഗമമാക്കാനാണ്.
സോളാർ തട്ടിപ്പിൽ ഉമ്മൻചാണ്ടി ഒന്നാം പ്രതിയാണ് എന്ന് തുടക്കം മുതൽ തെളിവുകൾ നിരത്തി പ്രതിപക്ഷം പറയുന്നതാണ്. അന്വേഷണം അട്ടിമറിച്ചും തെളിവുകൾ നശിപ്പിച്ചും പണം ഒഴുക്കി സാക്ഷികളെ സ്വാധീനിച്ചും നഗ്നമായ അധികാര ദുർവിനിയോഗത്തിലൂടെയും രക്ഷപ്പെടാൻ ശ്രമിച്ച ഉമ്മൻചാണ്ടിയുടെ തനിനിറം കൂട്ടുപ്രതിയുടെ വെളിപ്പെടുത്തലിലൂടെ മറനീക്കി പുറത്തു വന്നിരിക്കുന്നു.
മൂന്ന് ഘട്ടമായാണ് പണം കൈമാറിയതെന്നും ടീം സോളാറിന്റെ വളര്‍ച്ചയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും ലാഭം 60: 40 എന്ന നിലയില്‍ വീതിച്ചെടുക്കാനാണ് ധാരണഉണ്ടാക്കിയതെന്നുമുള്ള ബിജു രാധാകൃഷ്ണന്റെ മൊഴി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി എത്രമാത്രംഅധപ്പതിച്ചു എന്നാണു ആവർത്തിച്ചു തെളിയിക്കുന്നത്. തട്ടിപ്പ് മുതലിൽ പങ്കു പറ്റുന്ന മുഖ്യമന്ത്രി കേരളത്തിന്റെയും കേരളീയന്റെയും അഭിമാനത്തിന് തീരാകളങ്കമാണ്. യു ഡി എഫിലും കോണ്ഗ്രസ്സിലും ആത്മാഭിമാനമുള്ളവർ ഉണ്ടെങ്കിൽ ഈ നിമിഷം ഉമ്മൻചാണ്ടിയെ ഇറക്കി വിടണം. ആ കടമ ജനങ്ങളെ ഏൽപ്പിക്കരുത്.