വിദേശ രാജ്യങ്ങളിലേക്ക് വിസ നല്‍കാമെന്ന പേരില്‍ 55 ലക്ഷം രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ തൊഴിയൂര്‍ സ്വദേശി ശബരീശന്‍ എന്ന 36 കാരനാണു തട്ടിപ്പിനു തമ്പാന്നൂര്‍ പൊലീസിന്‍റെ പിടിയിലായത്.
സിംഗപൂര്‍, മലേഷ്യ, അമേരിക്ക എന്നിവിടങ്ങളിലും കപ്പലുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ജോലിക്ക് വിസ ശരിയാക്കാമെന്ന പേരില്‍ തിരുവനന്തപുരത്തെ കരമനയില്‍ ട്രാവല്‍ ഏജന്‍സി നടത്തിയായിരുന്നു തട്ടിപ്പ്. ഇതിനായി ഡല്‍ഹിയില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന സുനില്‍ എന്നയാളിന്‍റെ സഹായവും ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.
തട്ടിപ്പിനിരയായവരുടെ പരാതി പ്രകാരം രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇയാള്‍ക്കെതിരെ കേസെടുത്തെങ്കിലും ഇയാള്‍ ബാംഗ്ലൂര്‍, തിരുപ്പതി എന്നീ സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. 55 ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഇടയ്ക്ക് നാട്ടിലെത്തിയപ്പോഴാണ് പൊലീസ് വലയിലാക്കിയത്.
തമ്പാന്നൂര്‍ സി.ഐ സുരേഷ് വി.നായര്‍, എസ്.ഐ. കെ.വി. രമണന്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് ഇയാളെ തൃശൂരിലെ കേച്ചേരിയില്‍ നിന്ന് പിടികൂടിയത്.