സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിൽ കഴിയുന്നത് ഏഴ് പേർ

നിഹാരിക കെ.എസ്

ഞായര്‍, 24 ഓഗസ്റ്റ് 2025 (11:15 IST)
കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. 45 വയസുളള വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഏഴായി.
 
മൂന്ന് മലപ്പുറം സ്വദേശികൾക്കും മൂന്ന് കോഴിക്കോട് സ്വദേശികൾക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്നുമാസം പ്രായമുളള കുട്ടി ഉൾപ്പെടെ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗബാധയെ തുടർന്ന് മരിച്ച താമരശേരി കോരങ്ങാട് സ്വദേശി ഒൻപതുവയസുകാരി അനയയുടെ സഹോദരനാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരിൽ ഒരാൾ.
 
കെട്ടിക്കിടക്കുന്ന വെളളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുന്നത്. മൂക്കിനെയും തലച്ചോറിനെയും വേർതിരിക്കുന്ന നേർത്ത പാളിയിലുളള സുഷിരങ്ങൾ വഴിയോ കർണപടത്തിലുളള സുഷികരങ്ങൾ വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍