മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പുല്ലുവില; സെക്രട്ടേറിയറ്റില്‍ ഓണാഘോഷം പൊടിപൊടിച്ചു

Webdunia
ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (13:48 IST)
ഓഫീസ് സമയത്ത് ഓണാഘോഷം പാടില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തിന് പുല്ലുവില നല്‍കി സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍. കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണു ഓഫീസ് സമയത്ത് പൂക്കളമിട്ടത്.

സെക്രട്ടേറിയറ്റിലെ വിവിധ ബ്ലോക്കുകളിലായി അഞ്ചു പൂക്കളങ്ങളാണ് ഇട്ടത്. മിക്കതിന്റെയും ഒരുക്കങ്ങള്‍ തിങ്കളാഴ്‌ച നടത്തിയിരുന്നു. ഇന്ന് മിനുക്കു പണി മാത്രമാണ് നടന്നത്. എന്നാല്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ജീവനക്കാര്‍ 10.30നാണ് പൂക്കളമിടലും ആഘോഷവും അവസാനിപ്പിച്ചത്. നഷ്ടപ്പെട്ട സമയം ഇന്ന് വൈകിട്ട് അരമണിക്കൂർ അധികം ജോലി ചെയ്ത് പരിഹരിക്കുമെന്നും സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് ജെ. ബെൻസി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫിസ് ഉള്ള ബ്ലോക്കിന് മുന്നിലെ പൂക്കളത്തിന് മുന്നിൽ വിളക്കുകൊളുത്തിയത് പത്തരയ്ക്കുശേഷമാണ്. തുടർന്ന് ജീവനക്കാർ ഓണപ്പാട്ടും പാടി. ജോലി സമയത്തല്ലാതെ ഓണാഘോഷം നടത്തണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം അപ്രായോഗികമാണ്.

സെക്രട്ടേറിയറ്റിലെ ആഘോഷ പരിപാടികളിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീൽ, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കൃഷി മന്ത്രി വിഎസ് സുനിൽ കുമാർ എന്നിവര്‍ പങ്കെടുത്തിരുന്നു. ഇവര്‍ ഓഫീസ് സമയത്തിന് മുമ്പ്   പൂക്കളം കാണുകയും ഓണാശംസകള്‍ അറിയിക്കുകയും ചെയ്‌തിരുന്നു.
Next Article