എറണാകുളത്ത് ഓണത്തിന് കച്ചവട സ്ഥാപനങ്ങളില്‍ കര്‍ശന നിയന്ത്രണം

എ കെ ജെ അയ്യര്‍

ചൊവ്വ, 18 ഓഗസ്റ്റ് 2020 (19:22 IST)
ഓണക്കാലത്ത് കച്ചവട സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി വിവിധ താലൂക്കുകളില്‍ യോഗം ചേര്‍ന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളനുസരിച്ച് കൊണ്ടു മാത്രമേ കടകള്‍ തുറക്കാന്‍ പാടുള്ളൂ. ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിലൂടെ രോഗവ്യാപനം തടയാന്‍ സാധിക്കുമെന്ന് യോഗങ്ങള്‍ വിലയിരുത്തി.  
 
കടകള്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കളുടെ പേരും ഫോണ്‍ നമ്പറും രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കണം, തെര്‍മല്‍ സ്‌കാനര്‍, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഏര്‍പ്പെടുത്തണം, ഓരോ കടകളിലും പ്രത്യേകം പ്രവേശനത്തിനും പുറത്തേക്ക് പോകുന്നതിനും കവാടങ്ങള്‍ ക്രമീകരിക്കണം, പ്രായമായതും ഗര്‍ഭിണികളും ആയ ജീവനക്കാരെ ഒഴിവാക്കണം, കടകളിലെ വെന്റിലേഷന്‍ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക തുടങ്ങിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കടയുടമകള്‍ പാലിക്കണമെന്ന് കൊച്ചി താലൂക്കില്‍ യോഗത്തിന് അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി കളക്ടര്‍ പ്രദീപ് പി.എ പറഞ്ഞു.
 
കോവിഡ് വ്യാപനം തടയുന്നതിന് കര്‍ശനമായ നിലപാടുകള്‍ വ്യാപാരികള്‍ കൈക്കൊള്ളണമെന്നും പശ്ചിമകൊച്ചിയില്‍ കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അലംഭാവം ഉണ്ടാവരുതെന്നും പോലീസ് അധികാരികളും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍