Onam Bumper 2024 Winner: ഓണം ബംപര്‍ ഒന്നാം സമ്മാനത്തിനു അര്‍ഹമായ ടിക്കറ്റിന്റെ അവകാശിയെ കണ്ടെത്തി. കര്‍ണാടക സ്വദേശിയായ അല്‍ത്താഫിനാണ് 25 കോടിയുടെ തിരുവോണം ബംപര്‍ അടിച്ചിരിക്കുന്നത്. കര്‍ണാടകയിലെ പാണ്ഡ്യപുരയാണ് ഇയാളുടെ സ്വദേശം. മെക്കാനിക്കായി ജോലി ചെയ്യുകയാണ്. വയനാട്ടിലെ എന്‍ജിആര്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് അല്‍ത്താഫ് ഓണം ബംപര്‍ എടുത്തത്. അല്‍ത്താഫുമായി ഫോണില്‍ സംസാരിച്ചെന്നും അഭിനന്ദനങ്ങള്‍ അറിയിച്ചുവെന്നും ഏജന്‍സി ഉടമ നാഗരാജ് പറഞ്ഞു.
15 വര്‍ഷമായി ലോട്ടറി എടുക്കുന്ന ആളാണ് അല്‍ത്താഫ്. കഴിഞ്ഞ മാസം സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നാണ് അല്‍ത്താഫ് ഓണം ബംപര്‍ എടുത്തത്. 25 കോടി ഒന്നാം സമ്മാനത്തിനു അര്‍ഹമായ ടിക്കറ്റ് നമ്പര്‍ TG 434222 ആണ്.
25 കോടിയാണ് ഒന്നാം സമ്മാനമെങ്കിലും ഭാഗ്യശാലിയുടെ കൈയില്‍ എത്തുന്ന തുക ഏകദേശം 12 കോടിക്കും 13 കോടിക്കും ഇടയിലാണ്. നികുതി, ഏജന്‍സി കമ്മീഷന്‍ എന്നിവയെല്ലാം പിടിച്ച ശേഷമാണ് സമ്മാനത്തുക ഭാഗ്യശാലിയുടെ അക്കൗണ്ടില്‍ എത്തുക.
പത്ത് ശതമാനമാണ് ഏജന്‍സി കമ്മീഷന്‍, അതായത് 2.5 കോടി അങ്ങനെ പോകും. 30 ശതമാനം സമ്മാന നികുതിയായ 6.75 കോടി രൂപയും പിടിക്കും. അതിനു ശേഷം ഒന്നാം സമ്മാനം അടിച്ച ആളുടെ അക്കൗണ്ടിലേക്ക് 15.75 കോടി രൂപ എത്തും. ഇനി അതില്‍ നിന്നും പോകും കോടികള്‍ ! നികുതി തുകയ്ക്കുള്ള സര്‍ചാര്‍ജ് 37 ശതമാനം: 2.49 കോടി, ആരോഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം: 36.9 ലക്ഷം, അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി: 2.85 കോടി എന്നിങ്ങനെയുള്ളതെല്ലാം നേരത്തെ പറഞ്ഞ 15.75 കോടിയില്‍ നിന്ന് കുറയും. എല്ലാ നികുതിയും കഴിഞ്ഞ് ഭാഗ്യശാലിക്ക് കിട്ടുന്നത്: 12,88,26,000 രൂപയാണ്.