കാവല്‍മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന് പിന്തുണ അറിയിച്ച് രണ്ട് എം പിമാര്‍ ഒ പി എസ് ക്യാമ്പിലെത്തി. കൃഷ്‌ണഗിരി എംപി കെ അശോക് കുമാര്‍, നാമക്കല്‍ എംപി പി ആര്‍ സുന്ദരം എന്നിവരാണ് ഒ പി എസിന് പിന്തുണ അറിയിച്ചത്.
അതേസമയം, ശശികലയെ എതിര്‍ക്കുന്ന ഒ പി എസ് അനുകൂലികള്‍ വൈകുന്നേരം മറീന ബീച്ചില്‍ സംഘം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍മീഡിയകളിലൂടെയാണ് പ്രവര്‍ത്തകരോട് മറീന ബീച്ചിലെത്താന്‍ ആഹ്വാനം നടത്തിയിരിക്കുന്നത്. അതേസമയം, ഒ പി എസ് വിഭാഗം ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സ്ഥിരീകരിച്ചിട്ടില്ല.
ജയലളിതയുടെ മുന്‍ സെക്രട്ടറി വെങ്കിട്ടരാമന്റെ നേതൃത്വത്തിലാണ് പുതിയ നീക്കം. അണ്ണാ സമാധിക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.