നഴ്സുമാര്‍ക്കെതിരെ അധികൃതരുടെ പ്രതികാര നടപടി; ആറു പേരെ പുറത്താക്കി, സമരം ശക്തമാക്കി മാലാഖമാര്‍

വ്യാഴം, 13 ജൂലൈ 2017 (07:56 IST)
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിച്ച് അധികൃതര്‍.  സ്വകാര്യ ആശുപത്രിയിലെ ആറ് നഴ്‌സുമാര്‍ക്കെതിരാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സമരം ചെയ്യുന്ന ഇവരെ താമസിക്കുന്ന ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. ഹോസ്റ്റലിലെ സമയക്രമം ഇവര്‍ ആറു പേരും പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് നടപടി.
 
കാസര്‍കോട്ടെ അരമന ആശുപത്രിയിലെ നഴ്‌സുമാരായ ഉഷ, ലത, ശ്രീജ, സുചിത്ര, ലിയ, പ്രിന്‍സി അധികൃതര്‍ എന്നിവരെയാണ് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയത്. സമരം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് പ്രതികാര നടപടിയെന്ന രീതിയിലാണ് ഈ പുറത്താക്കല്‍ എന്ന് നഴ്‌സുമാര്‍ പറയുന്നു.
 
ആശുപത്രിക്ക് സമീപത്താണ് ഇവരുടെ ഹോസ്റ്റല്‍. പുറത്താക്കപ്പെട്ട ആറ് പേരും കൃത്യസമയത്ത് ഹോസ്റ്റലില്‍ എത്താറില്ലെന്ന് അധികൃതര്‍ ആരോപിക്കുന്നു. ആറ് പേരും ഹോസ്റ്റല്‍ ഒഴിയണമെന്നാവശ്യപ്പെട്ട് ഹോസ്റ്റലിലെ നോട്ടീസ് ബോര്‍ഡിലാണ് അറിയിപ്പ് കണ്ടത്. 
 
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള സമരത്തില്‍ നിന്നു പിന്‍മാറണമെന്ന് മാനേജ്‌മെന്റുമായി ബന്ധമുള്ള ചിലര്‍ നഴ്‌സുമാരോട് ആവശ്യപ്പെട്ടിരുന്നുവത്രെ. ഇത് അവഗണിച്ചതിനെ തുടര്‍ന്നാണ് പ്രതികാര നടപടിയെന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം, ഹോസ്റ്റലില്‍ നിന്നു മാത്രമല്ല, പതുക്കെ ആശുപത്രിയില്‍ നിന്നും ഇവരെ പുറത്താക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

വെബ്ദുനിയ വായിക്കുക