റിപ്പർ ജയാനന്ദന്റെ വധശിക്ഷ റദ്ദാക്കി; മരണം വരെ തടവ്

തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (14:35 IST)
പുത്തന്‍വേലിക്കര കൊലപാതകക്കേസിലെ പ്രതി റിപ്പർ ജയാന്ദന്‍റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പകരം, പ്രതിക്ക് ജീവിതാവസാനംവരെ തടവു ശിക്ഷയാണ് കോടതി വിധിച്ചത്. പ്രതികൾക്ക് സാധാരണ ലഭിക്കാറുള്ള പരോൾ പോലുള്ള ആനുകൂല്യങ്ങൾ അനുവദിക്കേണ്ടതില്ലെന്നും കോടതി ഉത്തരവിട്ടു. റിപ്പർ പ്രതിയായിരുന്ന ദമ്പതിവധക്കേസിലും ഇയാളുടെ വധശിക്ഷ കോടതി റദ്ദാക്കിയിരുന്നു. 
 
കവർച്ചക്കിടെ പറവൂർ സ്വദേശിനി ദേവകി എന്ന ബേബി (51)യെ കൊലപ്പെടുത്തി കൈവെട്ടി മാറ്റി ആഭരണങ്ങൾ കവരുകയും ഭർത്താവ് രാമകൃഷ്‌ണനെ ആക്രമിക്കുകയും ചെയ്‌തെന്നാണു പുത്തൻവേലിക്കര പൊലീസ് ഇയാള്‍ക്കെതിരെ റജിസ്‌റ്റർ ചെയ്‌ത കേസ്. മാള ഇരട്ടക്കൊലക്കേസ് ഉൾപ്പെടെയുള്ള ഏഴ് കൊലപാതകക്കേസുകളിലും 14 മോഷണക്കേസുകളിലും പ്രതിയാണ് റിപ്പർ ജയാനന്ദൻ.
 
വളരെ അത്യപൂർവമായ കേസായതിനാൽ ജയാനന്ദന് വധശിക്ഷ നൽകണമെന്ന വാദം ഉയര്‍ന്നിരുന്നു. ഇയാൾ പുറത്തിറങ്ങിയാൽ ഇനിയും കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് നേരത്തേ വധശിക്ഷക്ക് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അനുമതി നല്‍കിയത്. ഈ വിധിക്കെതിരെയാണ് പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
 

വെബ്ദുനിയ വായിക്കുക