‘ബാറുകള്‍ അടച്ചു പൂട്ടുന്നതില്‍ നിയമതടസമില്ല’

വെള്ളി, 22 ഓഗസ്റ്റ് 2014 (10:04 IST)
ബാറുകള്‍ അടച്ചു പൂട്ടുന്നതില്‍ നിയമതടസമില്ലെന്ന്‌ എക്‌സൈസ്‌മന്ത്രി കെ ബാബു. തുറന്നിരിക്കുന്ന ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കിയത്‌ ഉപാധികളോടെയാണ്‌. അതുകൊണ്ട്‌ ഇവയും അടച്ചുപൂട്ടുന്നതില്‍ നിയമതടസമില്ലെന്നും അദ്ദേഹം പറഞ്ഞു.
 
മദ്യനയം സംബന്ധിച്ച തുടര്‍ നടപടികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌ത് മടങ്ങുമ്പോഴാണ്‌ ബാബു ഇക്കാര്യം പറഞ്ഞത്‌. മാര്‍ച്ച്‌ 31 വരെയാണ്‌ ലൈസന്‍സ്‌ സമയം പറഞ്ഞിരിക്കുന്നതെങ്കിലും അതില്‍ ഉപാധികള്‍ വെച്ചിട്ടുള്ളതിനാല്‍ പ്രശ്‌നമാകുമെന്ന്‌ കരുതുന്നില്ല. ഇക്കാര്യത്തില്‍ കോടതി ഇടപെടല്‍ ഉണ്ടാകുമെന്ന്‌ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലൈസന്‍സ്‌ നല്‍കിയ ബാറുകള്‍ പൂട്ടുമ്പോള്‍ ഉയര്‍ന്നേക്കാവുന്ന നിയമനടപടികളാണ്‌ മുഖ്യമന്ത്രിയുമായി പ്രധാനമായും ചര്‍ച്ച ചെയ്‌തത്‌. 
 
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്‌ ഹൗസില്‍ രാവിലെ നടന്ന യോഗത്തിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി പത്തു മണിയോടെ നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്‌തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമവകുപ്പ്‌ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്‌ഥരും യോഗത്തില്‍ ഉണ്ടായിരുന്നു. ലൈസന്‍സിനായി ബാറുകള്‍ കെട്ടിവെച്ച പണം തിരികെ നല്‍കുന്നത്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ്‌ ചര്‍ച്ച ചെയ്‌തത്‌. 
 

വെബ്ദുനിയ വായിക്കുക