നിയമസഭയില്‍ പെന്‍ഷന്‍കാരന്റെ പ്രതിഷേധം!

ബുധന്‍, 3 ഡിസം‌ബര്‍ 2014 (09:19 IST)
നിയമസഭയുടെ സന്ദര്‍ശക ഗ്യാലറിയില്‍ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ച കെഎസ്ആര്‍ടിസിയുടെ മുന്‍ ജീവനക്കാരനെ ബലം പ്രയോഗിച്ച് പിടിച്ചുമാറ്റി. നിയമസഭാ സമ്മേളനം തുടങ്ങിയ ഉടനെയാണ് പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഇയാള്‍ മുദ്രാവാക്യം വിളിച്ചത്.

സഭയുടെ സന്ദര്‍ശനഗ്യാലറിയില്‍ ബഹളംവയ്ക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും ചട്ടവിരുദ്ധമാണ് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഉടനെ യൂണിഫോമിലല്ലാത്ത ഒരു വാച്ച് ആന്‍ഡ് വാര്‍ഡ് ഓടിയെത്തി പ്രതിഷേധിച്ചയാളെ ബലമായി പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. ഇയാള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും വാച്ച് ആന്‍ഡ് വാര്‍ഡ് ബലം പ്രയോഗിച്ച് വായ പൊത്തി പിടിച്ചുവലിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.

കുറച്ചു നേരം കഴിഞ്ഞാണ് സഹായിക്കാന്‍ മറ്റൊരാള്‍ വന്നത്. പ്രതിഷേധക്കാരനെ ബലമായി പിടിച്ചുകൊണ്ടുപോകരുതെന്ന് പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞെങ്കിലും പ്രശ്‌നത്തില്‍ ഇടപെടരുതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ പ്രതിഷേധിച്ചയാളെ ഉപദ്രവിക്കരുതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഗത്യന്തരമില്ലാതെയാണ് അയാള്‍ പ്രതിഷേധിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി‌എസ് അച്ചുതാനന്ദന്‍ സഭയില്‍ പ്രതികരിച്ചു. ബഹളം വച്ച ആള്‍ക്ക് ഒരുദിവസത്തെ വെറും തടവിന് ശിക്ഷിച്ചിട്ടുണ്ട്. മാത്യ്‌ ടി തോമസ് എം‌എല്‍‌എ യുടെ ക്ഷണപ്രകാരമാണ് ഇയാള്‍ സഭയിലെത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക