മാധ്യമപ്രവര്‍ത്തകന്‍ എംവി നികേഷ് കുമാര്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. എകെജി സെന്റിലായിരുന്നു കൂടിക്കാഴ്ച. നിയമസഭാ തെരഞ്ഞെടുപ്പില്‍ നികേഷ് ഇടതു മുന്നണി സ്ഥാനാര്‍ഥിയായി മത്സര രംഗത്തുണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.
അഴീക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച കാര്യങ്ങളാണ് ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തതെന്നാണ് സൂചന. നികേഷിന്റെ പിതാവ് എംവി രാഘവന്‍ സ്ഥാപിച്ച സിഎംപിയുടെ പ്രതിനിധിയായാണ് അദ്ദേഹം മത്സരിക്കാന്‍ ഒരുങ്ങുന്നതെങ്കിലും, പൊതുസ്വതന്ത്രനായി നികേഷിന് രംഗത്തിറക്കാനാണ് സിപിഎം പദ്ധയിടുന്നത്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട പാലക്കാട്ടെ സിപിഎം സ്ഥാനാർഥികളുടെ പട്ടികയിൽ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ പേരില്ല. മലമ്പുഴയിൽ ജില്ലാഘടകം സിഐടിയു നേതാവ് എ പ്രഭാകരന്റെ പേരുനിർദേശിച്ചു. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ധർമടത്തു നിന്നു മൽസരിക്കും.
സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിൽ അവതരിപ്പിച്ച പട്ടികയിലാണ് വിഎസിന്റെ പേര് ഒഴിവാക്കിയിരിക്കുന്നത്. ചിറ്റൂർ മണ്ഡലം മാത്രമാണ് ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പട്ടികയിൽ ഒഴിച്ചിട്ടിരിക്കുന്നത്. മലമ്പുഴ വിഎസിനു വേണ്ടി ഒഴിച്ചിട്ടെന്നായിരുന്നു പ്രചാരണം.