ശബരിമലയിലെ സ്ത്രീ പ്രവേശനം; ഇടതിന്റെ നിലപാടിൽ മാറ്റമില്ലെന്ന് കോടിയേരി

ചൊവ്വ, 12 ജൂലൈ 2016 (15:05 IST)
ശബരിമലയിൽ ഏതു പ്രായത്തിലും ഉള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഇടതിന്റെ നിലപാടിൽ മാറ്റമില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.  ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിലനിൽക്കുന്ന ഹർജിയിൽ സർക്കാർ പുതിയ സത്യവാങ്മൂലം നൽകുമെന്നും കോടിയേരി വ്യക്തമാക്കി.
 
പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത് ആചാരങ്ങള്‍ക്ക് എതിരാണെന്നും ഭരണഘടനയുടെ 25,26 അനുഛേദങ്ങള്‍ പ്രകാരം കാലാകാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കരുതെന്നുമായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സത്യവാങ്മൂലം. ഈ സത്യവാങ്മൂലം ഇപ്പോള്‍ മാറ്റുന്നില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
 
2008ല്‍ ശബരിമലയില്‍ എല്ലാപ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന് കാണിച്ച് വിഎസിന്റെ നേതൃത്യത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നതാണ്. വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലപാട് കോടതിയില്‍ ആവര്‍ത്തിച്ചത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. 

വെബ്ദുനിയ വായിക്കുക