മോദിയുടെ സൊമാലിയന്‍ പരാമര്‍ശത്തില്‍ വെട്ടിലായത് കുമ്മനം; പ്രധാനമന്ത്രി അനുകൂല സാഹചര്യം തകര്‍ത്തെന്ന് പ്രവര്‍ത്തകര്‍, പ്രധാനമന്ത്രിക്ക് കേരളത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് ജനം‍, പരാമര്‍ശം ബിബിസിയും ആഘോഷിക്കുന്നു

Webdunia
ബുധന്‍, 11 മെയ് 2016 (18:48 IST)
കേരളത്തെ ആഫ്രിക്കന്‍ ദരിദ്ര രാജ്യമായ സൊമാലിയയുമായി ഉപമിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവന സംസ്ഥാന ഘടകത്തിന് തിരിച്ചടിയാകുന്നു. തിരുവനന്തപുരത്ത് ഞായറാഴ്ച്ച തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കവെയാണ് മോദി കേരളത്തെ സൊമാലിയയുമായി ഉപമിച്ചതും പുലിവാല് പിടിച്ചതും.

അടിസ്ഥാന ആരോഗ്യ, വികസന മേഖലകളില്‍ കേരളം സൊമാലിയയെക്കാള്‍ മോശമാണെന്ന മോഡിയുടെ പരാമര്‍ശം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മോദിക്കും ബിജെപി സംസ്ഥാന ഘടകത്തിനും ആദ്യ അടിനല്‍കിയത്. ഭരണ-പ്രതിപക്ഷ ഭേദമന്യേ ജനശ്രദ്ധ മോഡിയുടെ സൊമാലിയ പരാമര്‍ശത്തിലേക്ക് തിരിഞ്ഞതോടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രസ്‌താവനയുമായി രംഗത്ത് എത്തിയെങ്കിലും രക്ഷയുണ്ടായില്ല. സോഷ്യല്‍ മീഡിയയില്‍ മോദിക്കെതിരെ എല്ലാവരും ആഞ്ഞടിച്ചതോടെ പുലിവാല് പിടിച്ച അവസ്ഥയിലാണ് ബിജെപി.

മോദിയുടെ പ്രസ്‌താവന സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചതോടെ ദേശീയ തലത്തില്‍ വരെ വാര്‍ത്ത നിറഞ്ഞു. ബിബിസി പോലുള്ള വന്‍ മാധ്യമങ്ങളും സൊമാലിയന്‍ പ്രസ്‌താവന ഏറ്റെടുത്തതോടെ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ബിജെപി ക്യാമ്പ് സമ്മര്‍ദ്ദത്തിലായി. മോദിയുടെ പ്രസ്‌താവന ഇടതു വലതു മുന്നണികള്‍ തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കിയതോടെ സാധ്യതകള്‍ക്ക് മങ്ങലേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. സ്വന്തം പ്രവര്‍ത്തകരെയടക്കം സൊമാലിയക്കാരായി ചിത്രീകരിച്ച പ്രധാനമന്ത്രിയുടെ നടപടി പ്രവര്‍ത്തകര്‍ പോലും അംഗീകരിക്കുന്നില്ല.

കേരളത്തെക്കുറിച്ച് ഒന്നും അറിയാത്ത വ്യക്തിയാണ് മോദിയെന്ന് വ്യക്തമാക്കുന്ന പ്രസംഗമാണ് അദ്ദേഹം നടത്തിയതെന്ന് ബിജെപിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനത്തെ പട്ടിണി രാജ്യമായ സൊമാലിയയുമായി ഉപമിച്ചത് ലഭിക്കാവുന്ന വോട്ടുകള്‍ കൂടി നഷ്‌ടപ്പെടുന്നതിനെ സഹായകമാകു എന്ന് നേതൃത്വവും കരുതുന്നുണ്ട്.  

മോഡിയുടെ സൊമാലിയ പരാമര്‍ശം ഇങ്ങനെ:-

കേരളത്തിലെ തൊഴിലില്ലാഴ്മ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ മൂന്ന് മടങ്ങ് കൂടുതലാണ്. കേരളത്തിലെ ആദിവാസികള്‍ക്കിടയിലെ ശിശുമരണ നിരക്ക് സൊമാലിയയെക്കാള്‍ മോശമാണ്. ആവശ്യമായ കാര്‍ഷിക ഉല്‍പന്നങ്ങളുടെ 13 ശതമാനം മാത്രമാണ് സംസ്ഥാനം ഉല്‍പാദിപ്പിക്കുന്നത്. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം കഴിഞ്ഞിട്ടും 70 ശതമാനം വൈദ്യുതി ആവശ്യങ്ങള്‍ക്കും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതിയാണ് കേരളത്തിനുള്ളത്. അതുപോലെതന്നെ കേരളത്തിലെ യുവാക്കള്‍ക്ക് ജോലി തേടി മറ്റു രാജ്യങ്ങളില്‍ പോകാന്‍ നിര്‍ബന്ധിതരാകുകയാണ്.
Next Article