കാറപകടത്തിൽ അന്തരിച്ച വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത നിറയുന്നു. മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ബാലുവിന്റെ പിതാവ് സികെ ഉണ്ണി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നത്.
ബാലഭാസ്കറിന് ശത്രുക്കള്‍ ആരും ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറയുമ്പോഴും സാമ്പത്തിക ഇടപാടുകളാണ് സംശയം ജനിപ്പിക്കുന്നത്. പാലക്കാട്ടെ ഒരു ആയുർവേദ ആശുപത്രിയുമായി പത്ത് വര്‍ഷമായുള്ള ബന്ധമാണ് ഇതില്‍ പ്രധാനം.
ഈ ആശുപത്രിയിലെ ഒരു ഡോക്ടറുമായി ബാലഭാസ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ നല്കുന്ന വിവരം. ഒരു പ്രോഗ്രാമിനിടെ പരിചയപ്പെട്ട ബാലഭാസ്കറിനു ഇയാള്‍ വജ്ര മോതിരം സമ്മാനമായി നല്‍കുകയും തുടര്‍ന്ന് പാലക്കാട്ടെ വീട്ടില്‍ വയലിൻ പരിശീലനത്തിനായി അദ്ദേഹത്തിനു സൗകര്യവും ഒരുക്കി നൽകുകയും ചെയ്തിരുന്നു.
ഡോക്ടറുമായുള്ള ബന്ധം ശക്തമായി വളരുകയും പിന്നീട് സാമ്പത്തിക ഇടപാടുകളിലേക്ക് നീങ്ങുകയും ചെയ്തുവെന്നാണ് വിവരം. ഡോക്ടറുടെ കുടുംബത്തിലെ അംഗമാണ് ബാലു അപകടത്തില്‍ പെടുമ്പോള്‍ കാര്‍ ഓടിച്ചിരുന്ന അര്ജുന് എന്നതും സംശയം ജനിപ്പിക്കുന്നുണ്ട്.
അപകടം നടക്കുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്കര്‍ ആണെന്നാണ് അർജുൻ പൊലീസിനു നൽകിയ മൊഴി. എന്നാല്‍, കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ ആണെന്നാണ് ഭാര്യ ലക്ഷ്മി വ്യക്തമാക്കുന്നത്. ഈ സംഭവങ്ങളാണ് സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.
അപകടം ഉണ്ടായതിനു പിന്നാലെ ബാലുവിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി ബന്ധപ്പെടാൻ ബാലഭാസ്കറിന്റെ മാതാപിതാക്കള്‍ ശ്രമിച്ചിരുന്നു. തൃശൂരിൽ നിന്നും തിടുക്കത്തിൽ തിരുവനന്തപുരത്തേക്ക് തിടുക്കത്തിൽ എത്തേണ്ട എന്ത് സാഹചര്യമാണ് ബാലഭാസ്കറിനുണ്ടായിരുന്നതെന്ന ചോദ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.
കഴിഞ്ഞ സെപ്തംബര്‍ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാലയാണ് ആദ്യം മരിച്ചത്. ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിനു പുലർച്ചെ മരണത്തിനു കീഴടങ്ങുകയും ചെയ്തു.