ജെസ്‌നയ്‌ക്ക് പിന്നാലെ അപ്രത്യക്ഷമായിരിക്കുന്നത് കണ്ണൂർ സ്വദേശിനികൾ; വേർപിരിയാൻ പറ്റാത്ത സൗഹൃദത്തിന് വിലക്കിട്ടപ്പോൾ ദൃശ്യയും സയനയും നാടുവിട്ടു? ഇരുട്ടിൽതപ്പി പൊലീസ്
ശനി, 24 നവംബര്‍ 2018 (14:33 IST)
കേരളക്കരയെ മൊത്തത്തിൽ ആശങ്കയിലാഴ്‌ത്തിയ കേസായിരുന്നു കാണാത്തായ ജെസ്‌നയുടേത്. പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ കാണാതായിട്ട് മാസങ്ങൾ പിന്നിടുമ്പോഴും കേസിൽ യാതൊരുവിധ പുരോഗമനവും ഉണ്ടായിട്ടില്ല. എന്നാൽ ജെസ്‌നയ്‌ക്ക് പിന്നാലെ കണ്ണൂറ് സ്വദേശികളായ രണ്ട് വിദ്യാർത്ഥിനികൾ കൂടി ഇപ്പോൾ അപ്രത്യക്ഷമായിരിക്കുകയാണ്.
കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുമ്പോഴും ദൃശ്യ(20), സയന(20) എന്നീ കുട്ടികളെക്കുറിച്ച് പൊലീസിന് തുമ്പോന്നും കിട്ടിയില്ല. കോളേജിലേക്ക് പോയ കുട്ടികൾ തിരിച്ചുവരാത്തതിനെത്തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇരുവരുടേയും മൊബൈൽ ഫോൺ സിഗ്നൽ ഉപയോഗിച്ച് പൊലീസ് ഇരുവരേയും പിന്തുടരുകയും അവസാനമായി ഫോൺ ഉപയോഗിച്ചത് കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണെന്നും മനസ്സിലായി.
അതിന് ശേഷം ഇരുവരും ഫോൺ ഓൺ ചെയ്‌തിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിൽ ഉൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും യാതൊരു തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭ്യമായിട്ടില്ല.
കണ്ണൂർ പാനൂർ സ്വദേശികളായ ഇരുവരും ഒരു സ്വകാര്യ സ്ഥാപനത്തിൽ ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് പഠിക്കുകയായിരുന്നു. ഇരുവരും തമ്മിൽ വളരെ അടുത്ത സൗഹൃദം ഉണ്ടായിരുന്നെന്ന് ഇരുവീട്ടുകാരും പറയുന്നു. എന്നാൽ ഫോൺ വിളികൾ കൂടിവന്നതും എപ്പോഴുമുള്ള കൂടിക്കാഴ്‌ചയും വീട്ടുകാർ വിലക്കിയിരുന്നു.
രാവിലെ കോളേജിലേക്ക് പോയ സയന ദൃശ്യയ്‌ക്കൊപ്പം നിന്ന് സംസാരിക്കുന്നത് കണ്ടതായി നാട്ടുകാർ പറയുന്നു. അതേസമയം, ദൃശ്യയുടെ വിവാഹം തീരുമാനിച്ചിരിക്കെയാണ് ഇരുവരെയും കാണാതായിരിക്കുന്നത്. കാണാതായ അന്ന് ഇരുവരും ട്രാവൽ ഏജൻസിയിൽ തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ വിവരങ്ങൾ തിരക്കിയതായി വിവരം ലഭിച്ച അന്വേഷണ ഉദ്യോഗസ്ഥർ തലസ്ഥാനത്ത് സമഗ്രമായ അന്വേഷണം നടത്തിയിരുന്നു. എന്നാൽ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.
ജെസ്‌നയെ കാണാതായപ്പോഴും ഇതുപോലെ വിവരങ്ങൾ പലതും ലഭ്യമായിരുന്നു. എന്നാൽ ഇതുവരെയായും കേസിൽ പുരോഗമനം ഒന്നും തന്നെ ഉണ്ടാക്കിയിട്ടില്ല. അത്തരത്തിലുള്ളൊരു അപ്രത്യക്ഷമാകൽ കേസ് തന്നെയാണ് ഇതും എന്നാണ് വിലയിരുത്തൽ.
മാർച്ച് 22-ന് രാവിലെ 9.30-ന് വീട്ടിൽ നിന്നു മുണ്ടക്കയത്തേക്കു പോയ ജെസ്നയെയാണ് കാണാതായത്. കാഞ്ഞിരപ്പള്ളിയിൽ ബിരുദ വിദ്യാർത്ഥിനിയായ ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതകൾ ഏറെയുണ്ടെന്നും വാർത്തകൾ വന്നിരുന്നു.